പി.എസ്.സിയുടെ വ്യാജ ലെറ്റർ ഹെഡ്ഡിൽ ഉദ്യോഗാർഥികൾക്ക് കത്ത് ലഭിച്ച സംഭവം; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്
അടൂർ സ്വദേശി രാജലക്ഷ്മിക്കായാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്
തിരുവനന്തപുരം സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാൻ പി.എസ്.സിയുടെ വ്യാജ ലെറ്റർ ഹെഡ്ഡിൽ ഉദ്യോഗാർഥികൾക്ക് കത്ത് ലഭിച്ച സംഭവത്തിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. അടൂർ സ്വദേശി രാജലക്ഷ്മിക്കായാണ് ലുക്കൗട്ട് നോട്ടീസ്. കഴിഞ്ഞ ദിവസം സംഭവം അന്വേഷിക്കാൻ പ്രത്യേകസംഘം രൂപികരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇത്തരത്തിൽ സർട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകാൻ പി.എസ്.സിയുടെ വ്യാജ ലെറ്റർ ഹെഡിൽ ഉദ്യോഗാർഥികൾക്ക് കത്ത് ലഭിച്ച സംഭവമുണ്ടാകുന്നത്. വ്യാപകമായി ഇത്തരത്തിൽ പരാതി പൊലീസിന് ലഭിച്ചിരുന്നു. ഉദ്യോഗാർഥികൾ ഈ കത്തും സർട്ടിഫിക്കറ്റുമായി പി.എസ്.സിയിലെത്തിയപ്പോയാണ് വ്യാജമാണെന്ന് മനസിലാകുന്നത്.
തിരുവനന്തപുരം സിറ്റി ക്രൈം അൻഡ് അഡ്മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി കമ്മീഷണർ ബിജി ജോർജാണ് അന്വേഷണ സംഘതലവൻ ഇതോടൊപ്പം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ നാഗരാജും അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ഈ കേസിൽ ആദ്യമായാണ് ഒരു പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തു വിട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യതയുണ്ട്. അതുപോലെ ഉദ്യോഗാർഥികൾക്ക് ഏതെങ്കിലും രീതിയിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും.