ദുൽഖർ, പൃഥ്വിരാജ് എന്നിവരുടേതടക്കം നിർമാണ കമ്പനികളിലും ആദായ നികുതി പരിശോധന
ഒടിടിയുമായി സഹകരിച്ച നിർമാതാക്കളാണ് ഇവർ
സംസ്ഥാനത്തെ സിനിമാ നിർമാണ കമ്പനി ഓഫിസുകളിൽ വീണ്ടും ആദായ നികുതി വകുപ്പ് പരിശോധന. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, വിജയ് ബാബു എന്നിവരുടെ ഓഫിസുകളിലാണ് പരിശോധന നടന്നത്. കഴിഞ്ഞ ദിവസം പരിശോധന നടത്തിയ കമ്പനി ഉടമകളായ ആന്റോ ജോസഫ്, ആന്റണി പെരുമ്പാവൂർ, ലിസ്റ്റൻ സ്റ്റീഫൻ എന്നിവരോട് കണക്കുകൾ സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഒടിടിയുമായി സഹകരിച്ച നിർമാതാക്കളാണ് ഇവർ. ഒടിടി റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംഘം അന്വേഷിക്കുന്നത്.
ആൻറണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിർവാദ് സിനിമാസ് ഓഫീസ്, ലിസ്റ്റിൻ സ്റ്റീഫന്റെ കലൂർ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രെയിം, ആൻറോ ജോസഫിന്റെ ആൻറോ ജോസഫ് ഫിലിം കമ്പനി ഓഫിസിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി രേഖകൾ പരിശോധിച്ചിരുന്നു. ഒടിടി ഇടപാടുകളിലും മറ്റും കൃത്യമായി നികുതിയടച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. നിർമാതാക്കളുടെ സമീപകാലത്തെ വരുമാനവും ഇടപാടുകളും പരിശോധന പരിധിയിലുണ്ടെന്നാണ് ആദായ നികുതി വകുപ്പ് നൽകിയിരുന്ന സൂചന. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സമീപകാലത്ത് വലിയ രീതിയിൽ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമകൾ റിലീസ് ചെയ്തിരുന്നു. കൂടാതെ സാറ്റലൈറ്റ് റൈറ്റിലൂടെയും മ്യൂസിക് റൈറ്റിലൂടെയും നിർമാതാക്കൾ വരുമാനം നേടുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തിന് നികുതിയടച്ചോ എന്നാണ് പരിശോധിക്കുന്നത്.