എൻ.എം വിജയന്‍റെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണനും എന്‍.ഡി അപ്പച്ചനും ഒളിവിലെന്ന് സൂചന
അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ മാറി നിൽക്കാൻ നിർദേശം
വയനാട്: വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എൻ.എം വിജയന്‍റെ ആത്മഹത്യയിൽ അറസ്റ്റ് ഭയന്ന് കോൺഗ്രസ് നേതൃത്വം. അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ മാറി നിൽക്കാൻ നിർദേശം. എംഎൽഎ ഐ.സി ബാലകൃഷ്ണനും ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചനും ഇതേ തുടർന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറിയതായി സൂചന.
വിജയൻ്റെ മരണത്തിൽ പ്രതിചേർത്തതോടെ ഇരുവരും മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട പ്രതികൾ, പൊലീസ് പിടിയിലാകും മുമ്പ് ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഐ.സി ബാലകൃഷ്ണന് പുറമെ ഡിസിസി പ്രസിഡന്‍റ് എൻ .ഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാക്കളായ കെ.കെ ഗോപിനാഥൻ, മരിച്ചു പോയ പി.വി ബാലചന്ദ്രൻ എന്നിവരാണ് പ്രതികൾ.
വിജയന്‍റെ കത്തിന്‍റെ വെളിച്ചത്തിലാണ് പൊലീസ് കേസെടുത്തതെങ്കിലും കത്ത് വിജയൻ്റേതാണ് എന്ന് ഉറപ്പിക്കാൻ പൊലീസിനായിട്ടില്ല. കയ്യക്ഷര പരിശോധനയടക്കം ശാസ്ത്രീയ പരിശോധനയിൽ ഇത് തെളിയിക്കപ്പെടും മുമ്പ് നേതാക്കളെ പ്രതിചേർത്തത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസ് പ്രതികരണം.