ഷാജി എൻ. കരുണിനെ ഹേമ കമ്മിറ്റിയുടെ തുടർനടപടികളിൽ നിന്നും മാറ്റി നിർത്തണം: സംവിധായിക ഇന്ദു ലക്ഷ്മി
എന്തും ചെയ്യാമെന്ന് വിശ്വസിക്കുന്ന ആളാണ് ഷാജി എൻ.കരുണെന്നും ഇന്ദുലക്ഷ്മി മീഡിയവണിനോട് പറഞ്ഞു
തിരുവനന്തപുരം: കെഎസ്എഫ്‍ഡിസി ചെയർമാൻ ഷാജി എൻ. കരുണിനെ ഹേമ കമ്മിറ്റിയുടെ തുടർനടപടികളിൽ നിന്നും മാറ്റി നിർത്തണമെന്ന് സംവിധായിക ഇന്ദു ലക്ഷ്മി. സ്ത്രീകളെ ചൂഷണം ചെയ്യുകയും പിന്നീട് ആഘോഷിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല. എന്തും ചെയ്യാമെന്ന് വിശ്വസിക്കുന്ന ആളാണ് ഷാജി എൻ.കരുണെന്നും ഇന്ദുലക്ഷ്മി മീഡിയവണിനോട് പറഞ്ഞു.
സിനിമക്ക് പണം മുടക്കുന്നത് എന്തും ചെയ്യാനുള്ള അധികാരമല്ല . അത് എത്ര വലിയ ആളാണെങ്കിലും ചെയ്യാൻ അനുവദിക്കില്ല. പലർക്കും ചൂഷണങ്ങൾക്ക് ഇരയായിട്ടുണ്ട് . KSFDC പദ്ധതിയുമായി ബന്ധപ്പെട്ട പലരും മുറിവേറ്റാണ് പുറത്തുവന്നത് .പ്രശ്നം പരിഹരിക്കാൻ ചെന്ന തന്നെയും ഷാജി എൻ.കരുൺ വേദനിപ്പിച്ചാണ് വിട്ടത്. വക്കീൽ നോട്ടീസിനെതിരെ മിണ്ടാതിരിക്കും എന്നാണ് കരുതിയത്. എന്നാൽ അത് താൻ അംഗീകരിക്കില്ല.പരാതി പറയുന്നവർ പ്രശ്നക്കാരായി മാറുകയാണെന്നും ഇന്ദുലക്ഷ്മി പറഞ്ഞു.
എന്നാല്‍ ഇന്ദുലക്ഷ്മിക്കെതിരെ ഷാജി എന്‍.കരുണ്‍ വീണ്ടും രംഗത്തെത്തി. ഇന്ദുലക്ഷ്മി സോഷ്യൽമീഡിയയിൽ എത്ര പോസ്റ്റുകൾ വേണമെങ്കിലും ചെയ്തോട്ടെ. ഒരു കോടി രൂപ മുടക്കിയാണ് ഇന്ദുലക്ഷ്മിയുടെ ചിത്രം എസ്എഫ്‍ഡിസി നിർമിച്ചത്. പണം ചെലവാക്കിയ സ്ഥാപനത്തെ കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.