ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ അന്വേഷണം; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു
ഇന്നലെ പുറത്തുവന്ന ഉടമ്പടി രേഖയിൽ പേരുള്ള പീറ്റർ ജോർജിൻ്റെ മൊഴിയെടുത്തു
സുൽത്താൻ ബത്തേരി: വയനാട് ഡിസിസി ട്രഷററർ എൻ.എം വിജയൻ്റെയും മകൻ്റെയും മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സുൽത്താൻ ബത്തേരി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും മരണവും അന്വേഷിക്കും. ഇന്നലെ പുറത്തുവന്ന ഉടമ്പടി രേഖയിൽ പേരുള്ള പീറ്റർ ജോർജിൻ്റെ മൊഴിയെടുത്തു.
സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്ന് വിജയൻ ഇടനിലക്കാരനായി ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന് ആരോപണമുയർന്നിരുന്നു. കോൺഗ്രസിനെ വെട്ടിലാക്കി നിയമന കോഴ സംബന്ധിച്ച കരാർ രേഖ പുറത്തുവന്നിരുന്നു. സുൽത്താൻബത്തേരി സ്വദേശിയായ പീറ്ററിൽ നിന്ന് മകന് ജോലി നൽകാമെന്ന വ്യവസ്ഥയിൽ 30 ലക്ഷം രൂപ കോഴ വാങ്ങിയതായാണ് 2019 ഒക്ടോബറിൽ ഒപ്പിട്ട രേഖ.
ആത്മഹത്യ ചെയ്ത എൻ.എം. വിജയൻ രണ്ടാംകക്ഷിയായ കരാർ ഒപ്പിട്ടിരിക്കുന്നത് അന്നത്തെ DCC പ്രസിഡണ്ട് IC ബാലകൃഷ്ണനു വേണ്ടിയാണ്. ഈ ആരോപണങ്ങൾ സുൽത്താൻബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ ശക്തമായി നിഷേധിച്ചിരുന്നു.