തിരുവനന്തപുരം കോർപ്പറേഷൻ കത്ത് വിവാദത്തിൽ ഹാർഡ് ഡിസ്കുകൾ പിടിച്ചെടുത്ത് അന്വേഷണസംഘം
മേയറുടെ ഓഫീസിലെ അഞ്ച് ഹാർഡ് ഡിസ്‌കുകളാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. സ്റ്റാൻഡിംഗ് കൗൺസിൽ ചെയർമാൻ ഡി.ആർ അനിലിന്റെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്
തിരുവനന്തപുരം: കോർപ്പറേഷൻ കത്ത് വിവാദത്തിൽ അന്വേഷണസംഘം ഹാർഡ് ഡിസ്‌കുകൾ പിടിച്ചെടുത്തു. മേയറുടെ ഓഫീസിലെ അഞ്ച് ഹാർഡ് ഡിസ്‌കുകളാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. സ്റ്റാൻഡിംഗ് കൗൺസിൽ ചെയർമാൻ ഡി.ആർ അനിലിന്റെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.
കത്ത് വിവാദത്തിൽ പ്രതിപക്ഷ സംഘടനകൾ സമരം അവസാനിപ്പിച്ചെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം മേയറുടെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടറുകളുടെ ഹാർഡ് ഡിസ്‌കുകൾ അന്വേഷണസംഘം പിടിച്ചെടുത്തു. മേയറുടെ പേരിലെ കത്ത് തയ്യാറാക്കിയ കമ്പ്യൂട്ടർ കണ്ടെത്തുകയാണ് ലക്ഷ്യം.
ഹാർഡ് ഡിസ്‌കിൽ നിന്ന് ഈ തെളിവ് ലഭിച്ചില്ലെങ്കിൽ അന്വേഷണം വഴിമുട്ടും. കത്തിന്റെ ഹാർഡ് കോപ്പി കണ്ടെത്തിയാൽ മാത്രമേ കത്ത് വ്യാജമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനാകൂ. എന്നാൽ കത്ത് തയ്യാറാക്കിയ കമ്പ്യൂട്ടർ കോർപ്പറേഷനിൽ നിന്ന് കടത്തിയതായാണ് പ്രതിപക്ഷ ആരോപണം. ഇതിനിടെ സ്റ്റാൻഡിംഗ് കൗൺസിൽ ചെയർമാൻ ഡി.ആർ അനിലിന്റെ ഫോണും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഹാർഡ് ഡിസ്‌കുകളോടൊപ്പം ഫോണും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പത്ത് ദിവസത്തിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണംഘം.