ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന; പരാതിക്കാരനായ നമ്പി നാരായണന്‍റെ മൊഴിയെടുത്തു

സി.ബി.ഐ ഡി.ഐ.ജി സന്തോഷ് കുമാർ ചാൽക്കെയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.

Update: 2021-06-30 10:50 GMT
Advertising

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സി.ബി.ഐ സംഘം പരാതിക്കാരനായ നമ്പി  നാരായണന്‍റെ മൊഴിയെടുത്തു. സി.ബി.ഐ ഡി.ഐ.ജി സന്തോഷ് കുമാർ ചാൽക്കെയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. ആവശ്യമെങ്കിൽ വീണ്ടും മൊഴിയെടുക്കുമെന്ന് സി.ബി.ഐ നമ്പി നാരായണനെ അറിയിച്ചു.

പ്രതികളുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനകൾക്കിടെ നമ്പി നാരായണൻറെ മൊഴി കേസിൽ നിർണായകമാകും. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസിൽ കുരുക്കാൻ പൊലീസിലെയും ഐ.ബിയിലെയും ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ കേസ്. ചാരക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്ന സിബി മാത്യൂസ്, മുൻ ഐ.ബി ഉദ്യോഗസ്ഥൻ ആർ.ബി ശ്രീകുമാർ എന്നിവരുൾപ്പെടെ 18പേരെ പ്രതിചേർത്ത് സി.ബി.ഐ എഫ്.ഐ.ആർ സമര്‍പ്പിച്ചിരുന്നു.

സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ജയിൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് സി.ബി.ഐ ഗൂഢാലോചന കേസിൽ അന്വേഷണം തുടങ്ങിയത്. നേരത്തെ നമ്പി നാരായണൻ നിരപരാധിയാണെന്ന് കണ്ടെത്തിയതും സി.ബി.ഐ അന്വേഷണത്തിലാണ്. ഇതിനുശേഷമാണ് നമ്പി നാരായണൻ ആദ്യം കേസന്വേഷിച്ച കേരള പൊലീസിലെയും ഐ.ബിയിലെയും ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്കൊരുങ്ങിയത്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News