വോട്ട് രേഖപ്പെടുത്തി ജെയ്ക്ക് സി തോമസ്; അമ്മയുടെ കൈപിടിച്ച് ചാണ്ടി ഉമ്മൻ ബൂത്തിലേക്ക്
'വിവാദങ്ങൾക്ക് വ്യക്തിപരമായ ന്യൂനതകൾക്കോ മഹത്വങ്ങൾക്കോ അല്ല ഈ തെരഞ്ഞെടുപ്പിൽ സ്ഥാനം'.
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസ്. മണർകാട് കണിയാൻകുന്ന് ഗവ. സ്‌കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. പല ബൂത്തുകളിലും മികച്ച പോളിങ്ങാണെന്നും പുതുപ്പള്ളിയുടെ വോട്ടർമാർ ആവേശത്തിലാണെന്നും വോട്ട് ചെയ്തിറങ്ങിയ ജെയ്ക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു.
പുതിയ പുതുപ്പള്ളിക്കായി ജനങ്ങൾ വർധിതവീര്യത്തോടെ വോട്ട് ചെയ്യുന്ന കാഴ്ചയാണ് എല്ലായിടത്തും. ഇനി മുൻകൂട്ടി നിശ്ചയിച്ചതുപോലെ എട്ട് പഞ്ചായത്തുകളിലെയും വിവിധ കേന്ദ്രങ്ങളിൽ വോട്ടെടുപ്പ് തീരുന്നതിന് മുമ്പ് സന്ദർശനം നടത്തുമെന്നും ജെയ്ക്ക് പറഞ്ഞു.
വിവാദങ്ങൾക്ക് വ്യക്തിപരമായ ന്യൂനതകൾക്കോ മഹത്വങ്ങൾക്കോ അല്ല ഈ തെരഞ്ഞെടുപ്പിൽ സ്ഥാനം. വികസനവും പുതുപ്പള്ളിയുടെ ജീവിതപ്രശ്‌നങ്ങളുമാണ് ഈ തെരഞ്ഞെടുപ്പിൽ ചർച്ചാവിധേയമാക്കിയിട്ടുള്ളതെന്നും ജെയ്ക്ക് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ആണെങ്കിലും അല്ലെങ്കിലും താൻ ഇതുവരെ വ്യക്തിപരമായി ആരുടെയും പേരെടുത്ത് പോലും പരാമർശിച്ചിട്ടില്ലെന്നും ഇതുവരെ ആ മാന്യത പുലർത്തിയിട്ടുണ്ടെന്നും ജീവിതത്തിലുടനീളം ഇനിയുമത് തുടരുക തന്നെ ചെയ്യുമെന്നും ജെയ്ക്ക് നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, രാവിലെ പിതാവ് ഉമ്മൻചാണ്ടിയുടെ കല്ലറയിലും പള്ളിയിലുമെത്തി പ്രാർഥന നടത്തിയ ശേഷം വാകത്താനത്തെ വിവിധ ബൂത്തുകളിൽ സന്ദർശനം നടത്തിയ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പിന്നീട് വീട്ടിലേക്കാണ് പോയത്. വോട്ട് ചെയ്യാനായി അദ്ദേഹം മാതാവിനും കുടുംബത്തിനുമൊപ്പം വീട്ടിൽ നിന്ന് വാകത്താനത്തെ ജോർജിയൻ സ്‌കൂളിലേക്ക് പുറപ്പെട്ടിട്ടുണ്ട്.