'ഞാനൊരു എളിയ പ്രവര്‍ത്തക, പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ചെയ്യും': ഷാനിമോള്‍ക്ക് മറുപടിയുമായി ജെബി മേത്തര്‍

'മുതിർന്ന പാർട്ടി നേതാക്കൾ ചേർന്നാണ് രാജ്യസഭാ സ്ഥാനാർഥിയെ തീരുമാനിച്ചത്'

Update: 2022-04-19 07:05 GMT
Advertising

തിരുവനന്തപുരം: ഷാനിമോൾ ഉസ്മാന്‍റെ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലെ വിമർശനങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്ന് ജെബി മേത്തർ എംപി. താൻ അച്ചടക്കമുളള പാർട്ടി പ്രവർത്തകയാണ്. മുതിർന്ന എല്ലാ നേതാക്കളെയും ബഹുമാനിക്കുന്നു. സമിതിയിലെ ചർച്ചകളിൽ പങ്കെടുത്തിട്ടില്ല. മുതിർന്ന പാർട്ടി നേതാക്കൾ ചേർന്നാണ് രാജ്യസഭാ സ്ഥാനാർഥിയെ തീരുമാനിച്ചത്. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ചെയ്യുമെന്നും ജെബി മേത്തർ പറഞ്ഞു.

ജെബി മേത്തർക്ക് രാജ്യസഭാ സീറ്റ് നൽകിയത് വിപ്ലവകരമായ തീരുമാനമായിരുന്നുവെന്നും വർഷങ്ങളായി പൊതുരംഗത്ത് നിൽക്കുന്ന സാധാരണക്കാരിയെയാണ് നേതൃത്വം പരിഗണിച്ചതെന്നുമാണ് ഷാനിമോൾ ഉസ്മാന്‍ ഇന്നലെ രാഷ്ട്രീയകാര്യ സമിതിയില്‍ പരിഹസിച്ചത്. തുടക്കം നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്ന ഭാവത്തിലായിരുന്നു.

വിപ്ലവകരമായ തീരുമാനത്തിലൂടെ വർഷങ്ങളായി പൊതുരംഗത്ത് നിൽക്കുന്നയാളെ രാജ്യസഭയിലേക്ക് അയച്ച നേതാക്കൾക്ക് അഭിനന്ദനം. ഇത് ദേശീയതലത്തിൽ പാർട്ടിക്ക് ഗുണം ചെയ്യും. സാധാരണക്കാരിയായ പൊതുപ്രവർത്തകയെയാണ് രാജ്യസഭയിൽ എത്തിച്ചതെന്ന് കൂടി ഷാനിമോൾ പറഞ്ഞതോടെ വാക്കുകളിലെ മുന നേതാക്കൾ തിരിച്ചറിഞ്ഞു. പക്ഷേ വിടാൻ ഭാവമില്ലായിരുന്നു ഷാനിമോൾക്ക്. റവല്യൂഷൻ നടപ്പാക്കാനുള്ള തിരക്കിനിടെ തെരഞ്ഞെടുപ്പ് സമിതി പോലും വിളിക്കാൻ നേതൃത്വം മറന്നുവെന്ന് കൂടി ഷാനിമോൾ പറഞ്ഞുവെച്ചു.

തെരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരമില്ലാതെയാണ് രാജ്യസഭാ സ്ഥാനാർഥി പട്ടിക കൈമാറിയത്. സമിതിയെ നോക്കുകുത്തിയാക്കിയ നേതാക്കൾക്ക് അഭിനന്ദനം ഒരിക്കൽ കൂടി അറിയിച്ചാണ് ഷാനിമോൾ വിഷയം അവസാനിപ്പിച്ചത്. ഷാനിമോൾ തൊടുത്ത പരിഹാസത്തിന്‍റെ അമ്പുകൾ തങ്ങളെ സ്പർശിച്ചിട്ടില്ലെന്ന ഭാവത്തിൽ നേതാക്കള്‍ മറുപടി പറഞ്ഞില്ല.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News