സ്ത്രീകൾക്ക് അവസരം നൽകാത്ത പാർട്ടിയല്ല കോൺഗ്രസ്: ജെബി മേത്തർ

പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം പൂർണമായി നിർവഹിക്കും. ഭരണഘടനാ സംരക്ഷണത്തിന് ഒരു പോരാളിയാകാനുള്ള നിയോഗമായി ഇതിനെ കാണുന്നുവെന്നും ജെബി മീഡിയവണിനോട് പറഞ്ഞു

Update: 2022-03-19 05:41 GMT
Advertising

രാജ്യസഭാ സ്ഥാനാർഥിത്വം വലിയ അംഗീകാരമെന്ന് യു.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാർഥി ജെബി മേത്തർ. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം പൂർണമായി നിർവഹിക്കും. ഭരണഘടനാ സംരക്ഷണത്തിന് ഒരു പോരാളിയാകാനുള്ള നിയോഗമായി ഇതിനെ കാണുന്നു. പാര്‍ലമെന്‍റില്‍ സ്ത്രീകളുടെ ശബ്ദമാകുമെന്നും ജെബി മീഡിയവണിനോട് പറഞ്ഞു. സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ദേശീയ- സംസ്ഥാന തലത്തിലുള്ള നേതാക്കള്‍ക്ക് അവര്‍ നന്ദിയറിയിക്കുകയും ചെയ്തു.

സ്ത്രീകൾക്ക് അവസരം നൽകാത്ത പാർട്ടിയല്ല കോൺഗ്രസ്. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് സ്ത്രീകളെ കൂടുതല്‍ പരിഗണിക്കുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ സ്ത്രീ സംവരണം പോലും രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു. യൂത്ത് കോണ്‍ഗ്രസില്‍ ബൂത്ത് തലം മുതല്‍ സംസ്ഥാന തലം വരെ പെണ്‍കുട്ടികള്‍ക്ക് സംവരണം നല്‍കണമെന്ന ചട്ടം കൊണ്ടുവന്ന പ്രസ്ഥാനമാണ്. ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ പറയാന്‍ സാധിക്കുന്ന ഇന്ത്യയുടെ ഒരു വനിതാ പ്രധാനമന്ത്രിപോലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നാണ്. കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് പരിഗണനകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇനിയും കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും ജെബി കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാനത്തെ ചർച്ചകൾക്ക് ശേഷം എം.ലിജു, ജെബി മേത്തർ, ജെയ്‌സൺ ജോസഫ് എന്നിവരുടെ പേര് ഹൈക്കമാൻഡിന് കൈമാറിയിരുന്നു. തുടര്‍ന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറെ യു.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തിൽ നിന്ന് മുസ്‌ലിം സമുദായത്തിൽ നിന്ന് എം.പിമാരില്ലാത്തതും വനിതാ പ്രാതിനിധ്യം, യുവസ്ഥാനാർഥി തുടങ്ങിയ പരിഗണനകളും ജെബി മേത്തറിന് തുണയായി. എം.ലിജു, സതീശൻ പാച്ചേനി തുടങ്ങിയവരെ പരിഗണിച്ചിരുന്നെങ്കിലും മുൻ തെരഞ്ഞെടുപ്പുകളിൽ തോറ്റവരെ പരിഗണിക്കേണ്ടതില്ല എന്ന അഭിപ്രായം ഉയർന്നതോടെയാണ് അവരെ ഒഴിവാക്കിയതെന്നാണ് വിവരം.

സി.പി.എമ്മും സി.പി.ഐയും യുവസ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ യു.ഡി.എഫും യുവസ്ഥാനാർഥിയെ പ്രഖ്യാപിക്കണം എന്ന ആവശ്യമുയർന്നിരുന്നു. കെ.വി തോമസ്, കെ.സി ജോസഫ്, എംഎം ഹസൻ തുടങ്ങിയവരും സ്ഥാനാർഥിത്വത്തിനായി രംഗത്തുണ്ടായിരുന്നു. ഇവരെയെല്ലാം ഒഴിവാക്കിയാണ് ഇപ്പോൾ ജെബി മേത്തറിലേക്ക് ഹൈക്കമാൻഡ് എത്തിയിരിക്കുന്നത്.

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News