സ്വർണ വ്യാപാരിയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്തു
ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സ്വർണ വ്യാപാരിയെയും ഭാര്യയെയും വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവിഡിനെ തുടര്‍ന്നുണ്ടായ കടബാധ്യത മൂലം ആത്മഹത്യ ചെയ്തെന്നാണ് സൂചന. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
51 വയസ്സുള്ള കേശവനെയും 46കാരിയായ സെല്‍വത്തെയുമാണ് മരിച്ചനിലയില്‍ കണ്ടത്. വര്‍ഷങ്ങളായി രോഗാവസ്ഥയിലായിരുന്നു കേശവന്‍. കോവിഡ് മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് സ്വര്‍ണ വ്യാപാരത്തെ കാര്യമായി ബാധിച്ചു. ഇതേതുടര്‍ന്നുണ്ടായ വിഷമത്തിലാണ് കേശവനും ഭാര്യയും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക സൂചന.
വിഷാംശം ഉള്ളില്‍ചെന്ന നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. നേരം വൈകിയിട്ടും അച്ഛനെയും അമ്മയെയും മുറിക്ക് പുറത്തേക്ക് കാണാതായതോടെ മകള്‍ ചെന്ന് നോക്കിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.