ഗ്യാൻവാപി മസ്ജിദിൽ പൂജ അനുവദിച്ചതിൽ ദുഃഖമുണ്ട്; മതേതരത്വത്തിന്റെ കടയ്ക്കൽ കത്തിവെക്കരുത്: ജിഫ്രി തങ്ങൾ
രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ഭരണാധികാരികളും ന്യായാധിപൻമാരും തയ്യാറാവണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
കോഴിക്കോട്: മതേതരത്വത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഗ്യാൻവാപിയിൽ പൂജ അനുവദിച്ചതിൽ ദുഃഖമുണ്ട്. രാജ്യത്തെ നിയമങ്ങൾ പാലിക്കണം. ഭരണകർത്താക്കളും വിധികർത്താക്കളും നിയമങ്ങൾ ലംഘിക്കുന്നവരാകരുത്. സമസ്തക്ക് പ്രതികരിക്കാൻ ഒരു ഭാഷയുണ്ട്. ആരെങ്കിലും പറയുന്ന ഭാഷയിൽ സമസ്ത പ്രതികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് 35-ാം വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത ബംഗളൂരുവിൽ സമ്മേളനം നടത്തിയതിനെ പരിഹസിക്കുന്നവരുണ്ട്. എവിടെ സമ്മേളനം നടത്തണമെന്ന് സമസ്ത തീരുമാനിക്കും. സമസ്തയെ ചെറുതാക്കി കാണിക്കുന്നവർക്കുള്ള മറുപടിയാണ് ഈ സമ്മേളനം. സുന്നത്ത് ജമാഅത്തിന് വേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ മഹല്ലുകളിൽനിന്ന് പിരിച്ചുവിടുന്ന പ്രവണതയുണ്ട്. വെറുതെ പിരിച്ചുവിടാൻ നിൽക്കേണ്ടതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.