'കണ്ണൂർ ജയിലിൽ കഴിയവെ മുസ്‌ലിംകൾക്ക് പ്രാർത്ഥിക്കാൻ പായ വിരിച്ചു നൽകിയയാൾ'; കെജി മാരാരെ വാഴ്ത്തി ജോൺ ബ്രിട്ടാസ്

"എതിർചേരിയിലുള്ള രാഷ്ട്രീയ നേതാക്കളെ ബഹുമാനിക്കാനും അംഗീകരിക്കാനും കെ ജി മാരാർ കാണിച്ച മര്യാദ ഏവരും സ്മരിക്കുന്നതാണ്"

Update: 2021-11-02 14:19 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: കണ്ണൂർ ജയിലിൽ കഴിയവെ ഒപ്പമുണ്ടായിരുന്ന മുസ്‌ലിം തടവുകാർക്ക് പ്രാർത്ഥിക്കാൻ പായ വിരിച്ചു നൽകിയ രാഷ്ട്രീയസൗഹൃദത്തിന് ഉടമയായിരുന്നു കെജി മാരാരെന്ന് ജോൺ ബ്രിട്ടാസ് എംപി. ഇന്ന് അദ്ദേഹത്തിന്റെ പിന്മുറക്കാർ ഇത്തരത്തിലുള്ള നടപടിക്ക് മുതിരുമോ എന്നും ബ്രിട്ടാസ് ചോദിച്ചു. ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ കുഞ്ഞിക്കണ്ണൻ എഴുതിയ കെജി മാരാർ മനുഷ്യപ്പറ്റിന്റെ പര്യായം എന്ന പുസ്തകം ഗോവ ഗവർണർ അഡ്വ. പിഎസ് ശ്രീധരൻ പിള്ളയിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'രാജേട്ടൻ (ഒ രാജഗോപാല്‍) എന്നോട് പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. അന്ന് കണ്ണൂർ ജയിലിൽ അന്ന് മാരാർ കഴിഞ്ഞിരുന്ന സമയത്ത്, അദ്ദേഹത്തിനൊപ്പം ജയിലിൽ അടക്കപ്പെട്ട ആൾക്കാർ... പല രാഷ്ട്രീയപ്പാർട്ടീയകളിൽപ്പെട്ട ആൾക്കാരുണ്ട്. മുസ്‌ലിംലീഗിന്റെ പ്രവർത്തകർക്ക്, മുസ്‌ലിംകളായിട്ടുള്ള ജയിൽത്തടവുകാർക്ക് നിസ്‌കരിക്കാനുള്ള എല്ലാ സൗകര്യവും ചെയ്തു കൊടുക്കുന്ന, പാ വിരിച്ചു കൊടുത്ത ഒരു പശ്ചാത്തലം കൂടി കെജി മാരാർക്കുണ്ട്. ആ സഹിഷ്ണുതയുടെ തലത്തിൽ നിന്ന് കേരള രാഷ്ട്രീയം എങ്ങോട്ടു മാറിയെന്നുള്ള ഒരു ചോദ്യം രാജേട്ടൻ എടുത്തിടുകയാണ്.' - ബ്രിട്ടാസ് പറഞ്ഞു. 

'സംഘപരിവാർ പദ്മവ്യൂഹത്തിലേക്കാണ് എന്നറിഞ്ഞിട്ടും ഞാൻ ഈ പരിപാടിയിൽ പങ്കെടുത്തത് കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് അടിവരയിടാനാണ്. വിയോജിപ്പുകൾ ഉണ്ടെങ്കിലും ഒരുമിച്ചിരിക്കാൻ കഴിയുന്നത് ഇന്ന് കേരളത്തിൽ മാത്രമാണ്. അതുകൂടി നഷ്ടപ്പെടുത്തരുത്. രാഷ്ട്രീയ സൗമനസ്യവും സൗഹൃദവും നമ്മൾ തിരിച്ചു വിളിക്കേണ്ടതുണ്ട്'- ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു. 

'ആശയപരമായും രാഷ്ട്രീയപരമായും ആണ് പോരാടേണ്ടത്. അവഹേളിച്ചും ആക്ഷേപിച്ചുമുള്ള രാഷ്ട്രീയ രീതി നമ്മുടെ സംസ്‌കാരത്തിന് നിരക്കുന്നതല്ല. സ്വന്തം രാഷ്ട്രീയ വിശ്വാസത്തെ മുറുകെ പിടിച്ചപ്പോൾ എതിർ ചേരിയിലുള്ള രാഷ്ട്രീയ നേതാക്കളെ ബഹുമാനിക്കാനും അംഗീകരിക്കാനും കെ ജി മാരാർ കാണിച്ച മര്യാദ ഏവരും സ്മരിക്കുന്നതാണ്. ഇന്ന് അത്തരത്തിൽ മാരാരുടെ പിന്മുറക്കാർക്ക് ചിന്തിക്കാൻ കഴിയുമോ എന്ന് ഇവിടെ കൂടിയിരിക്കുന്നവർ ആലോചിക്കണം'- അദ്ദേഹം പറഞ്ഞു. 



പുസ്തകത്തിൽ ഉൾപ്പെടുത്തിയ കോലീബി സഖ്യത്തെ കുറിച്ചും ബ്രിട്ടാസ് പ്രസംഗത്തിൽ പരാമർശിച്ചു. 'ബി ജെ പിയെ പ്രതിക്കൂട്ടിലാക്കുന്ന പാഴായ പരീക്ഷണം എന്ന അധ്യായം അദ്ദേഹത്തിന് വേണമെങ്കിൽ ഒഴിവാക്കാമായിരുന്നു. യു ഡി എഫ് അധികാരത്തിൽ വന്നെങ്കിലും ബി ജെ പി പ്രതീക്ഷിച്ച വിജയം ഒരു സീറ്റിലും നേടിയില്ല.കെ ജി മാരാർ പോലും തോറ്റു. ഈ പശ്ചാത്തലത്തിലാണ് 'തോളൊപ്പം ഇല്ലാത്തവരോട് ചങ്ങാത്തം പാടില്ല' എന്ന ഗുണപാഠം അന്ന് ബി ജെ പിക്ക് ഉണ്ടായി എന്ന് കുഞ്ഞിക്കണ്ണൻ പറഞ്ഞത്. എന്നാൽ 'ബി.ജെ.പി 'തോളൊപ്പമായി' എന്ന ചിന്ത ബി.ജെ.പി നേതാക്കൾക്ക് ഉണ്ടോ?എങ്കിൽ ആ പരീക്ഷണത്തിന് സാധ്യതയുണ്ടോ?'  - ബ്രിട്ടാസ് ചോദിച്ചു. 

'കെജി മാരാറിന്റെ പ്രധാനപ്പെട്ട സവിശേഷത എല്ലാവരുമായിട്ടുള്ള സൗഹൃദമാണ്. 1980കളുടെ അന്ത്യത്തിലാണ് ഞാൻ ഡൽഹിയിൽ മാധ്യമപ്രവർത്തകനായി പോയത്. അന്ന് രാജേട്ടനൊക്കെ അവിടത്തെ ഞങ്ങളുടെ തണൽവൃക്ഷങ്ങളാണ്. എന്തെങ്കിലും കാര്യമുണ്ടെങ്കിൽ ഞങ്ങൾ രാജേട്ടന്റെ വീട്ടിലേക്ക് പോകും. എന്തെല്ലാം കാര്യങ്ങളിൽ രാജേട്ടൻ നമ്മെ സഹായിച്ചിട്ടുണ്ട്. അന്ന് എബി വാജ്‌പേയി വീട് ഡൽഹി പ്രസ് ക്ലബിന്റെ എതിർദിശയിലാണ്. അന്ന് ഞങ്ങൾ മാധ്യമപ്രവർത്തകർ വാർത്തയില്ലെങ്കിൽ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകും. അവിടെ എപ്പോഴും തുറന്നുകിടക്കും. ആ വീട്ടിന്റെ കോലായിൽ ഇരുന്ന് സംസാരിക്കും, കളിക്കും, ചിരിക്കും.' - ബ്രിട്ടാസ് ഓർത്തെടുത്തു.

ജനം ടിവി ചീഫ് എഡിറ്റർ ജികെ സുരേഷ് ബാബു പുസ്തകം പരിചയപ്പെടുത്തി. ബിജെപി ദേശീയ വൈസ് ്പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി, ഗ്രന്ഥകർത്താവ് കെ കുഞ്ഞിക്കണ്ണൻ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, ജന്മഭൂമി ന്യൂസ് എഡിറ്റർ പി ശ്രീകുമാർ, ഇന്ത്യാ ബുക്‌സ് എംഡി ടി.പി സുധാകരൻ ബിജെപി നേതാക്കളായ ഒ രാജ ഗോപാൽ, കെ രാമൻപിള, പി.കെ കൃഷ്ണദാസ്, പ്രൊഫ വി.ടി രമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

ആരാണ് കെജി മാരാർ

ബിജെപി മുൻ പ്രസിഡണ്ടും ആർഎസ്എസിന്റെ ആദ്യകാല നേതാക്കളിൽ ഒരാളുമാണ് കെ.ജി മാരാർ എന്ന കുറുവണ്ണിൽ ഗോവിന്ദർ മാരാർ. 1934 സെപ്തംബർ 17ന് കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിന് അടുത്തുള്ള നണിയൂർ ഗ്രാമത്തിലാണ് ജനനം. പറശ്ശിനിക്കടവ് സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്യവെ സംഘ് പരിവാർ വേദികളിൽ സജീവമായി. പിന്നീട് അധ്യാപകവൃത്തി ഉപേക്ഷിച്ചു.

1956ൽ പയ്യന്നൂരിൽ ആർഎസ്എസ് ശാഖ സ്ഥാപിച്ചു. കണ്ണൂർ ജില്ലയിൽ ബിജെപി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് മാരാരാണ്. ജനസംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റു ചെയ്യപ്പെട്ട് 18 മാസം ജയിലിലായിരുന്നു. ബിജെപിക്കു വേണ്ടി ഒരുപാട് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. എന്നാൽ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടില്ല.

അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന, 1977ലെ തെരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ ഇടതുപക്ഷ പിന്തുണയോടെയാണ് ജനതാപാർട്ടിക്കായി (ഭാരതീയ ലോക്ദൾ ടിക്കറ്റിൽ) മാരാർ മത്സരിച്ചത്. 1995 ഏപ്രില്‍ 25  ന് അന്തരിച്ചു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News