തൃശൂർ പൂരം കലക്കൽ: എഡിജിപിയുടെ റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് കെ. മുരളീധരൻ

‘പൂരത്തിന് വേണ്ടി ലോക്സഭാ തെരഞ്ഞെടുപ്പ് നീട്ടി’

Update: 2024-09-22 04:09 GMT
Advertising

തൃശൂർ: പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് കോൺഗ്രസ് നേതാവും തൃശൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന കെ. മുരളീധരൻ. ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. വിശ്വാസ്യതയില്ലാത്തതാണ് അജിത് കുമാറിന്റെ റിപ്പോർട്ട്.

മൂന്ന് പ്രധാനപ്പെട്ട കക്ഷികളും ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനാണ് വാശിപിടിക്കുന്നതെന്ന് കെ. മുരളീധരൻ ചോദിച്ചു.

പൂരം കലങ്ങിയതാണ് തൃശൂരിലെ രാഷ്ട്രീയ ചിത്രം മാറ്റിയത്. എങ്ങനെ കേരളത്തിൽ ബിജെപിയെ വിജയിപ്പിക്കാം എന്നത് സംബന്ധിച്ചാണ് അജിത്കുമാർ -ആർഎസ്എസ് ചർച്ച നടന്നത്.

തൃശൂർ പൂരം ഇല്ലെങ്കിൽ കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് കുറച്ചുനേരത്തെ നടന്നേനെ. പൂരത്തിന് വേണ്ടിയാണ് അത് നീട്ടിയത്. തിരുവനന്തപുരത്ത് ആ സമയത്ത് പൂരം ഒന്നുമുണ്ടായില്ല. ആറ്റുകാൽ പൊങ്കാല കഴിഞ്ഞിരുന്നു. അല്ലെങ്കിൽ അതും കലക്കിയേനെ.

വിഷയത്തിൽ സിപിഎമ്മിന് ഗുണം ലഭിച്ചു എന്നതിന്റെ തെളിവാണ് കരുവന്നൂർ കേസിൽ അനക്കം ഇല്ലാത്തത്. ഒരു എംപിയെ കിട്ടിയതിന്റെ നന്ദി ആണോയെന്നും കെ. മുരളീധരൻ ചോദിച്ചു.

പൂരം കലങ്ങിയ സമയത്ത് ബിജെപി സ്ഥാനാർത്ഥി വന്നത് ആംബുലൻസിലാണ്. മൃതദേഹമെല്ലാം കൊണ്ടുവരുന്ന വാഹനമാണ് ആംബുലൻസ്. പരിപാവനമായ സ്ഥലത്ത് ആ സമയത്ത് ആംബുലൻസ് വരേണ്ടതുണ്ടോ?

ഹിന്ദുക്കളുടെ ഹോൾസെയിൽ കാര്യങ്ങൾ ഏറ്റെടുത്ത ബിജെപിക്ക് അതൊക്കെ ആവാം. സിപിഐക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. നേരം വെളുക്കാത്തതല്ല, അവർക്ക് വേറെ വഴിയില്ല. പൂരം കലക്കി മുഖ്യമന്ത്രി താഴെയിറങ്ങണം എന്നതാണ് വരുന്ന തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെ നിലപാടെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News