'ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാകില്ല'; ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി കെ.മുരളീധരൻ
''കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉള്ളപ്പോള്‍ ഈ വിഷയം ഇവിടെ ചര്‍ച്ചചെയ്യേണ്ട ഒരാവശ്യവുമില്ല''
കോഴിക്കോട്: രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഒളിയമ്പുമായി കെ. മുരളീധരന്‍. ആരെങ്കിലും പുകഴ്ത്തിയെന്നു പറഞ്ഞ് മുഖ്യമന്ത്രിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും അടക്കമുള്ളവര്‍ ചെന്നിത്തലയെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ് മുരളീധരന്റെ ഒളിയമ്പ്. കോണ്‍ഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ടെന്നും നിയമസഭാകക്ഷിയുടെ ഭൂരിപക്ഷം നോക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡല്‍ഹിയുടെ അഭിപ്രായം അറിയണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉള്ളപ്പോള്‍ ഈ വിഷയം ഇവിടെ ചര്‍ച്ചചെയ്യേണ്ട ഒരാവശ്യവുമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
ഗ്രൂപ്പിന്‍റെ കാലഘട്ടമൊക്കെ അവസാനിച്ചു. നേതാക്കൾക്ക് സ്ഥാനം കിട്ടാനാണ് ഗ്രൂപ്പ് എന്നുള്ളത് പ്രവർത്തകർ മനസ്സിലാക്കിയിട്ടുണ്ട്. നേതാക്കൾക്ക് അധികാരം കിട്ടുമെന്ന് തോന്നുമ്പോൾ ആളുകൾ കൂടുന്നത് സ്വാഭാവികം. തന്‍റെ പിന്നിലും ഇങ്ങനെ പലപ്പോഴും ആളുകൾ കൂടിയിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.
Watch Video Report