സജി ചെറിയാന്റെ വീട് സംരക്ഷിക്കാൻ കെ റെയിൽ അലൈൻമെന്റ് തിരുത്തി: തിരുവഞ്ചൂർ
ഈ മാറ്റത്തിന്റെ ഗുണഭോക്താക്കൾ ആരാണെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കണം
കെ റെയിൽ പദ്ധതിയുടെ അലൈൻമെന്റിൽ മാറ്റം വരുത്തിയിട്ടില്ലെന്ന സർക്കാരിന്റെയും മന്ത്രി സജി ചെറിയാന്റെയും പ്രസ്താവന തെറ്റാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മന്ത്രി സജി ചെറിയാന്റെ വീട് സംരക്ഷിക്കാൻ കെ. റെയിൽ അലൈൻമെന്‍റ് മാറ്റി. കെ. റെയിൽ കടന്നു പോകുന്ന ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കുറിച്ചിമുട്ടത്താണ് അലൈൻമെന്‍റ് മാറ്റിയതെന്നും തിരുവഞ്ചൂർ പറഞ്ഞു.
സർക്കാർ നൽകുന്ന റൂട്ട് മാപ്പിൽ ഇടതുവശത്തായി ഇരുന്ന് പല വീടുകളും, സ്ഥാപനങ്ങളും കെ റെയിലിന്റെ ഔദ്യോഗിക ഡിജിറ്റൽ റൂട്ട് മാപ്പിൽ വലതു വശത്താണ്. ഈ മാറ്റത്തിന്റെ ഗുണഭോക്താക്കൾ ആരാണെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കണം. ഡിജിറ്റൽ റൂട്ട് മാപ്പിങിൽ മാറ്റം വരുത്തിയത് എന്തിനാണ് എന്നും അദ്ദേഹം ചോദിച്ചു.
കെ റെയിൽ അലൈൻമെന്റ് സർക്കാർ വൻ തോതിൽ മാറ്റി. ചെങ്ങന്നൂരിൽ അടക്കം ഇത് മാറ്റിയതായി രേഖകൾ ഉണ്ട്. സജീ ചെറിയാന് വേണ്ടി കെ റെയിൽ പാതയുടെ മാപ്പിൽ മാറ്റം വരുത്തി. കെ റെയിൽ എംഡി ഇതിന് മറുപടി പറയണം. പഴയ മാപ്പും പുതിയ മാപ്പും പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. സജി ചെറിയാൻ ഇനി മിണ്ടിയാൽ കൂടുതൽ കാര്യങ്ങൾ പറയുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
കെ.റെയിൽ സമരത്തെ ആക്ഷേപിച്ചവരും, ഇതിനെതിരെ രംഗത്ത് വരുന്നവരും ഭീകരവാദികൾ ആണെന്ന് സർക്കാർ പറയുന്നത് തങ്ങളുടെ പ്രസ്താവനയുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി മാത്രമാണെന്നും അദ്ദേഹം ആക്ഷേപിച്ചു.
ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ ഇത്തരം പ്രസ്താവനകൾ ഒഴിവാക്കപ്പെടണം. രണ്ടാം വിമോചന സമരമാണെന്ന് ചങ്ങനാശ്ശേരി ഭാഗത്തെ സമരത്തെ ആക്ഷേപിക്കുന്നവർ ജനങ്ങളെ ഉപദ്രവിക്കാൻ വേണ്ടി മാത്രമുള്ള ഈ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം കോട്ടയത്ത് ആവശ്യപ്പെട്ടു.