കെ.റെയിലിന് അനുമതി തേടി സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് കത്തയച്ചു
ഡി.പി.ആര്‍ സമർപ്പിച്ച് രണ്ട് വർഷം പിന്നിട്ട പശ്ചാത്തലത്തിൽ അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് .
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് കത്തയച്ചു. ചീഫ് സെക്രട്ടറി കേന്ദ്ര റയിൽവേ ബോര്‍ഡിനാണ് കത്തയച്ചത്. ഡി.പി.ആര്‍ സമർപ്പിച്ച് രണ്ട് വർഷം പിന്നിട്ട പശ്ചാത്തലത്തിൽ അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് .
2020 ജൂൺ 17 നാണ് സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആർ കേരളം കേന്ദ്രത്തിന് കൈമാറിയത്. എന്നാൽ രണ്ട് വർഷത്തിന് ശേഷം ഇതുവരെയും പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടിയിട്ടില്ല. ഇതിനെ തുടർന്നാണ് ചീഫ് സെക്രട്ടറി വി.പി ജോയ് വീണ്ടും കത്തയച്ചത്. ഡി.പി.ആറിന് അനുമതി തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ മുമ്പ് നേരിട്ട് കണ്ടിരുന്നു.അന്ന് ചർച്ച പോസിറ്റീവായിരുന്നു എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
എന്നാൽ പദ്ധതിക്ക് ഇതുവരെ കേന്ദ്രത്തിന്‍റെ അനുമതി കിട്ടിയില്ല. ഡി.പി.ആർ അപൂർണമാണെന്ന് ചൂണ്ടിക്കാട്ടി റെയിൽ ബോർഡ് സംസ്ഥാനത്തോട് മുമ്പ് വിശദീകരണം തേടിയിരുന്നു.