കെ- റെയിൽ വിരുദ്ധ പ്രക്ഷോഭം; സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ മഹിളാ കോൺഗ്രസ് മാർച്ച്, സംഘർഷം
ഒരു മഹിളാ കോൺഗ്രസ് പ്രവർത്തകയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനിടെ വനിതാ പൊലീസുകാരിക്ക് ദേഹാസ്വാസ്ഥ്യം.
കെ- റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനത്തേക്ക് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. സംഘർഷത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ പൊലീസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മഹിളാ കോൺഗ്രസ് പ്രവർത്തകയെ പൊലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാനത്ത് കെ-റെയിൽ കല്ലിടലിനെതിരെ ഇന്നും വ്യാപക പ്രതിഷേധമാണുണ്ടായത്. മലപ്പുറം തിരൂരിലും എറണാകുളത്ത് ചോറ്റാനിക്കരയിലും സർവെ കല്ലുകൾ പിഴുതെറിഞ്ഞു. എറണാകുളം ജില്ലയിൽ ഇന്ന് സിൽവർ ലൈൻ സർവെ നിര്‍ത്തിവെച്ചു. പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. ചോറ്റാനിക്കരയിൽ ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ കല്ലിടലിനെതിരെ പ്രതിഷേധം നടന്നു. സ്ഥാപിച്ച കല്ലെടുത്ത് കനാലിലെറിഞ്ഞായിരുന്നു പ്രതിഷേധം.
കെ- റെയിൽ കല്ലിടലിനെതിരെ തിരൂരിൽ ഇന്നും പ്രതിഷേധം ശക്തമായി. തിരൂർ വെങ്ങാലൂർ ഭാഗത്താണ് ഇന്ന് കല്ലിടൽ പുരോഗമിക്കുന്നത്. നാട്ടുകാർ സംഘടിച്ചതോടെ വെങ്ങാലൂർ ജുമാ മസ്ജിദിന് സമീപം കല്ലിടൽ ഒഴിവാക്കി. നാട്ടുകാരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. പ്രതിഷേധക്കാരിൽ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.