കെ റെയില്‍ സർവേ; സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധമുയരും

കോട്ടയം നട്ടാശേരിയിൽ കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചു

Update: 2022-03-22 01:03 GMT
Advertising

ഇന്നലെ പ്രതിഷേധത്തെ തുടർന്ന് സർവേ നടപടികൾ നിർത്തിവെച്ച പ്രദേശങ്ങളില്ലാം ഇന്ന് ഉദ്യോഗസ്ഥർ വീണ്ടുമെത്തും. ഇന്നും കല്ലിടാൻ ശ്രമമുണ്ടായാൽ ശക്തമായ പ്രതിഷേധം നടത്താനാണ് സമരസമിതികളുടെ തീരുമാനം. എറണാകുളത്ത് ചോറ്റാനിക്കരയിലാണ് ഇന്നലെ പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും ഇവിടെ പ്രദേശവാസികൾക്ക് പിന്തുണയുമായി എത്തിയിരുന്നു.

കോഴിക്കോട് വെസ്റ്റ് കല്ലായിയിലും സർവേ കല്ല് സ്ഥാപിക്കാൻ ഇന്ന് ഉദ്യോഗസ്ഥരെത്തും. കല്ലായിയിലും സമരസമിതി പ്രവർത്തകരും പൊലീസും തമ്മിൽ ഇന്നലെ പല തവണ സംഘർഷമുണ്ടായിരുന്നു. നാട്ടുകാരുടെ വൻ പ്രതിഷേധത്തെ തുടർന്ന്  തിങ്കളാഴ്ച രാവിലെ കല്ലിടാതെ ഉദ്യോഗസ്ഥർ മടങ്ങിയിരുന്നു. വീണ്ടും ഉദ്യോഗസ്ഥർ കല്ലിടൽ നടപടികളുമായി എത്തിയതാണ് സംഘർഷത്തിന് കാരണമായത്.

സംഘടിച്ചെത്തിയ നാട്ടുകാർ ഒരു തരത്തിലും കല്ലിടാൻ അനുവദിക്കില്ലെന്ന നിലപാടിൽ തന്നെ ഉറച്ചു നില്‍ക്കുകയാണ്. തുടർന്ന് പൊലീസുമായി വാക്കുതർക്കമുണ്ടാവുകയും സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ തന്നെ ഏർപ്പെടുത്തേണ്ട സാഹചര്യവും ഉണ്ടായി. തുടർന്നാണ് കല്ലിടാൻ എത്തിയവർ പിരിഞ്ഞു പോവുന്ന സാഹചര്യം ഉണ്ടായത്. എന്നാൽ ഇനിയും കല്ലിടാൻ വരുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ നാട്ടുകാർ ഇപ്പോഴും സ്ഥലത്ത് തന്നെ സംഘടിച്ചിരിക്കുകയാണ്.

ഉച്ചക്ക് പിരിഞ്ഞു പോയ സംഘം മറ്റൊരു ദിവസം കളക്ടറുമായി സംസാരിച്ച ശേഷം വരാമെന്നായിരുന്നു ഉറപ്പ് നൽകിയിരുന്നത്. തുടർന്ന് ആളുകളെല്ലാം ഇവിടെ നിന്ന് പിരിഞ്ഞു പോയിരുന്നു. എന്നാൽ ഉച്ചക്ക് രണ്ടരയോടുകൂടിയാണ് സംഘം വീണ്ടും ഒരു വീട്ടിൽ കല്ലാടാൻ എത്തിയത്. വീട്ടിൽ കയറിയ ശേഷം സമര സമിതി പ്രവർത്തകർ അകത്തു കടക്കാതിരിക്കാൻ ഗെയ്റ്റ് അകത്തു നിന്നും പൂട്ടുകയും ചെയ്തു. കല്ലിട്ട് പുറത്തിറങ്ങിയതിന് ശേഷം കൂടുതൽ സമര സമിതി പ്രവർത്തകർ സംഘടിച്ചെത്തുകയും അവിടെ സ്ഥാപിച്ച കെ റെയിൽ കല്ല് പിഴിതു കളയുകയും ചെയ്തു. തുടർന്ന് മറ്റെവിടെയും കല്ലിടാൻ ഉദ്യോഗസ്ഥരെ അനുവദിച്ചില്ല.

കോട്ടയം കുഴിയാലിപ്പടിയിൽ കല്ലിടാനെത്തിയ വാഹനം സമര സമിതി തടഞ്ഞു. വാഹനത്തിന് മുകളിൽ കയറിയിരുന്നായിരുന്നു നാട്ടുകാരുടെ പ്രതിഷേധം അതേസമയം മലപ്പുറം തിരുനാവായയിലും കോട്ടയം നട്ടാശേരിയിലും കല്ലിടൽ എന്ത് വിലകൊടുത്തും തടയുമെന്ന നിലപാടിലാണ് പ്രദേശവാസികളും സമരസമിതിപ്രവർത്തകരും. കോട്ടയം കലക്ടറേറ്റിന് മുന്നിൽ കെഎസ് യു കല്ലിടൽ സമരം നടത്തും.

കെ-റെയിലിനെതിരായ പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് ഡി.ജി.പി അനില്‍കാന്ത് പെലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുത്. പ്രാദേശിക ഭരണകൂടവും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ബോധവത്ക്കണം നടത്തണം. ജില്ലാ പൊലീസ് മേധാവി മാർക്കാണ് ഡിജിപി നിർദ്ദേശം നല്‍കിയിരിക്കുന്നത്. സമരക്കാർക്കെതിരായ പൊലീസ് ബലപ്രയോഗം വിവാദമായ പശ്ചാതലത്തിലാണ് ഡിജിപിയുടെ നിർദേശം.

അതെസമയം സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വീണ്ടും വ്യക്തമാക്കി. സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ജയിലില്‍ പോകാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും സതീശന്‍ പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News