അടിമുടി സ്മാര്‍ട്ട്; തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഇന്ന് മുതൽ വിരൽത്തുമ്പിൽ, കെ-സ്മാര്‍ട്ട് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പ്രാദേശിക സർക്കാരുകളുടെ എല്ലാ സേവനങ്ങളും ഓൺലൈനിൽ ഒരുക്കിനൽകുന്നത്

Update: 2025-04-10 01:38 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ പൂർണമായും ഓൺലൈനായി കൊണ്ട് ഇന്നുമുതൽ കെ-സ്മാർട്ട് സോഫ്റ്റ്‌വെയർ നിലവിൽ വരും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും നടപ്പിലാക്കിയതിനുശേഷം ആണ് പഞ്ചായത്തുകളിൽ കൂടി കെ-സ്മാർട്ട് നിലവിൽ വരുന്നത്. ത്രിതല പഞ്ചായത്തുകളിലെ കെ-സ്മാർട്ടിന്‍റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പ്രാദേശിക സർക്കാരുകളുടെ എല്ലാ സേവനങ്ങളും ഓൺലൈനിൽ ഒരുക്കിനൽകുന്നത്.ജനന-മരണ-വിവാഹ രജിസ്ട്രേഷൻ മുതൽ വസ്തു നികുതിയും, കെട്ടിട നിർമാണ പെർമിറ്റും അടക്കമുള്ള സേവനങ്ങൾ കെ സ്മാർട്ടിൽ ഓൺലൈൻ ആയി ലഭ്യമാകും. മൊബൈൽ ആപ്ലിക്കേഷൻ മുഖേനയോ വെബ്സൈറ്റ് മുഖേനയോ ജനങ്ങൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാനും സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും കഴിയുന്ന രീതിയിലാണ് കെ- സ്മാർട്ടിന്‍റെ ഘടന.

Advertising
Advertising

ഇതോടെ, കൈയിൽ ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ ജനന സർട്ടിഫിക്കറ്റും വിവാഹ സർട്ടിഫിക്കറ്റുമടക്കം സർക്കാർ സേവനങ്ങൾ എല്ലാം വിരൽത്തുമ്പിലെത്തും. ഡിജിറ്റൽ ഗവേണൻസ് രംഗത്തെ അസാധാരണമായ കുതിച്ചുചാട്ടമാണ് കേരളത്തിൽ യാഥാർഥ്യമാകുന്നത്.

സേവനങ്ങൾക്കായി ഇനി പഞ്ചായത്ത് ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. കെ സ്മാർട്ടിൽ സർട്ടിഫിക്കറ്റുകൾക്കും പെർമിറ്റുകൾക്കുമായുള്ള അപേക്ഷകൾ ഓൺലൈനായി നേരിട്ട് സമർപ്പിക്കാം. മിനിറ്റുകൾക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി തന്നെ ലഭ്യമാകും. ഇത് ഫോണിൽ നിന്ന് ഡൗൺലോഡ് ചെയ്ത് അതത് ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.

വിദേശത്തുനിന്നു പോലും സേവനങ്ങൾക്ക് അപേക്ഷിക്കാം. ലോഗിങ് ഒടിപി ലഭിക്കാൻ ഇ-മെയിൽ സൗകര്യം പ്രയോജനപ്പെടുത്താം. ഓൺലൈനായി വിവാഹ രജിസ്ട്രേഷൻ നടത്താൻ വീഡിയോ കെവൈസി സൗകര്യവും കെ-സ്‌മാർട്ടിലുണ്ട്. നൽകിയ അപേക്ഷയുടെ തത്‌സ്ഥിതി എന്തെന്ന് ഓരോ ഘട്ടത്തിലും അപേക്ഷകന് ഡിജിറ്റലായി പരിശോധിക്കാനുമാകും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News