'ദുരിതാശ്വാസനിധിയിൽ നിന്ന് ഇനിയും കയ്യിട്ടു വാരില്ലെന്ന് ഉറപ്പുനൽകേണ്ടത് മുഖ്യമന്ത്രി'; വിമര്‍ശനവുമായി കെ.സുധാകരൻ

ദുരന്തമുഖത്ത് കൊടിയുടെ നിറം നോക്കി പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ. സുധാകരൻ

Update: 2024-08-06 05:30 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് സുധാകരൻ പറഞ്ഞു. സിഎംഡിആർഎഫിൽ നിന്ന് ഇനിയും കയ്യിട്ടു വാരില്ലെന്ന് ഉറപ്പുനൽകേണ്ടത് മുഖ്യമന്ത്രിയാണെന്നും ദുരന്തമുഖത്ത് കൊടിയുടെ നിറം നോക്കി പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

'പ്രളയ സമയത്ത്, ലോകം മുഴുവനുള്ള മലയാളികൾ ഉദാരമായി നാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പ്രളയ സഹായത്തെ കുറിച്ച് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യങ്ങളിൽ കൃത്യമായ മറുപടി കൊടുക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അതിന് പകരം, സൈബറിടത്ത് മാലിന്യങ്ങൾ മാത്രം പരത്തി ജീവിക്കുന്ന ആ കൃമികീടങ്ങളെ ഉപയോഗിച്ച് ജനങ്ങളെ വീണ്ടും പ്രകോപിപ്പിക്കുകയല്ല വേണ്ടത്. താനോ കേരളമൊട്ടാകെയുള്ള തന്‍റെ സഖാക്കളോ ജനങ്ങളിൽ നിന്ന് പിരിക്കുന്ന ഫണ്ടിൽ ഇനിയും കയ്യിട്ട് വാരില്ലെന്ന് ജനങ്ങൾക്ക് ഉറപ്പ് കൊടുക്കേണ്ടത് മുഖ്യമന്ത്രി വിജയൻ തന്നെയാണ്'- സുധാകരൻ പറയുന്നു.

'ഭരണകൂടത്തിനെയും ഭരണകൂടത്തിന്റെ ചെയ്തികളെയും കുറിച്ച് വലിയ വിമർശനങ്ങൾ ജനങ്ങളെപ്പോലെ ഞങ്ങൾക്കുമുണ്ട്. പക്ഷേ ആ വിമർശനങ്ങൾ ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനെതിരെയുള്ള പ്രചാരണമാക്കാൻ മാധ്യമങ്ങൾ ഈ അവസരത്തിൽ ഉപയോഗിക്കരുതെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ദുരന്ത ഭൂമിയിലേക്ക് ആദ്യ ദിവസങ്ങളിൽ ഭക്ഷണവും വസ്ത്രങ്ങളും ഒക്കെ എത്തിച്ചവരുടെ രാഷ്ട്രീയം നോക്കിയിട്ട് ഇനിമുതൽ അത് വേണ്ട എന്ന് സർക്കാർ പ്രഖ്യാപിച്ചത് ദുരിതബാധിതരോട് കാണിക്കുന്ന അങ്ങേയറ്റത്തെ ക്രൂരതയാണ്. ഈ സമയത്തും വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ ലാഭത്തെ പറ്റിയാണ് സിപിഎമ്മും വിജയനും ചിന്തിച്ചത്. ദുരന്തമുഖത്ത് കൊടിയുടെ നിറം നോക്കി പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെപിസിസി കേരള മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കുറിച്ചു.

Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News