'ഇത് ജനുസ്സ് വേറെയാ, മനസ്സിലായില്ലേ?'; മോൻസൺ വിവാദത്തിൽ ക്ഷുഭിതനായി കെ സുധാകരൻ
ദൃശ്യങ്ങളുണ്ടെങ്കിൽ ചാനലിൽ സംപ്രേഷണം ചെയ്യൂ എന്നും അദ്ദേഹം വെല്ലുവിളിച്ചു
തിരുവനന്തപുരം: മോൻസൺ വിവാദത്തിൽ മാധ്യമങ്ങൾ ഉന്നയിച്ച ചോദ്യത്തോട് ക്ഷോഭിച്ച് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. മോൻസന്റെ പീഡനത്തിന് ഇരയായ യുവതി താങ്കൾക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ടല്ലോ എന്നതായിരുന്നു ചോദ്യം. 'ഈ പൂഴിക്കടക്കനൊന്നും എന്റെയടുത്ത് എടുക്കേണ്ട. ഇത് ജനുസ്സ് വേറെയാ. മനസ്സിലായില്ലേ. അങ്ങനെയുണ്ടെങ്കിൽ അന്വേഷിച്ചോട്ടെ. ഞാനപ്പോൾ നോക്കിക്കോളാം.'- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദൃശ്യങ്ങളുണ്ടെങ്കിൽ ചാനലിൽ സംപ്രേഷണം ചെയ്യൂ എന്നും അദ്ദേഹം വെല്ലുവിളിച്ചു.
ഭാരവാഹി പട്ടികയിൽ തർക്കങ്ങളില്ലെന്നും സുധാകരൻ പറഞ്ഞു. കെ മുരളീധരൻ ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഈ പാർട്ടിയിൽ പുതിയ ലിസ്റ്റിനെ കുറിച്ച് ഒരു തർക്കവുമില്ല. നിങ്ങൾ തർക്കം ഉണ്ടാക്കേണ്ട. നിങ്ങൾ എന്തെങ്കിലും കിട്ടാനാണ് ശ്രമിക്കുന്നത് എങ്കിൽ ഒന്നും കിട്ടൂല. മുരളീധരൻ പറഞ്ഞ കാര്യങ്ങളെ കുറിച്ച് അദ്ദേഹവുമായി നേരിട്ടു സംസാരിക്കും. അദ്ദേഹം പറഞ്ഞത് എന്താണ് എന്നറിയില്ല. എന്റെ മുമ്പിൽ പരാതി വന്നാൽ അത് ആരതായാലും പരിഗണിക്കും.' - അദ്ദേഹം പറഞ്ഞു.
മൂന്നൂറിൽ നിന്ന് 56ലേക്ക് പട്ടിക കൊണ്ടുവന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് അതാണ് മാന്ത്രികം എന്നായിരുന്നു സുധാകരന്റെ മറുപടി. 'അവിടെയാണ് നിങ്ങൾ ഞങ്ങളെ വിലയിരുത്തേണ്ടത്. കടലു നികത്തിയാണ് കൈത്തോടു വെട്ടിയത്. ഇത് ചെറിയ അധ്വാനമല്ല. ഇതിൽ പാർട്ടിയുടെ എല്ലാ നേതാക്കന്മാരും സഹകരിച്ചു. സഹകരിച്ചില്ലെങ്കിൽ പറ്റുമായിരുന്നോ? കോൺഗ്രസിന്റെ എല്ലാ തലമൂത്ത നേതാക്കന്മാരും പുനഃസംഘടനയിൽ ആത്മാർത്ഥമായി സഹകരിച്ചു. അതിന്റെ ഫലമാണ് ഇത്രയും അംഗസംഖ്യ കുറയ്ക്കാൻ സാധിച്ചത്.' സുധാകരൻ കൂട്ടിച്ചേർത്തു.