'കെ.വി തോമസിന് അച്ചടക്കസമിതി ഒരാഴ്ച സമയം കൊടുത്തിട്ടുണ്ടല്ലോ.. കാത്തിരിക്കാം'-കെ സുധാകരൻ
കാരണം കാണിക്കൽ നോട്ടീസിന് വ്യക്തമായ മറുപടി നൽകുമെന്ന് കെ.വി തോമസ് പറഞ്ഞു
തിരുവനന്തപുരം: കെ.വി തോമസിന് ഐഐസിസി നൽകിയ കാരണം കാണിക്കൽ നേട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കെ വി തോമസിന് മറുപടി നൽകാൻ അച്ചടക്ക സമിതി ഒരാഴ്ച സമയം കൊടുത്തിട്ടുണ്ട് കാത്തിരിക്കാമെന്നും സുധാകരൻ പറഞ്ഞു.
കാരണം കാണിക്കൽ നോട്ടീസിന് വ്യക്തമായ മറുപടി നൽകുമെന്ന് കെ.വി തോമസ്. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. പറഞ്ഞു.പുറത്താക്കിയാലും കോൺഗ്രസുകാരനായി തുടരും. മറുപടി കൊടുക്കാൻ 48 മണിക്കൂർ മതി. അച്ചടക്ക സമിതി എന്ത് നടപടി എടുത്താലും ഞാൻ അംഗീകരിക്കും. എ.കെ ആന്റണി നീതിപൂർവ്വമായെ പ്രവർത്തിക്കൂ എന്ന് എനിക്കുറപ്പുണ്ട്. കെ.വി തോമസ് പറഞ്ഞു.
ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എ.കെ. ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയാണ് കാരണംകാണിക്കല്‍ നോട്ടീസ് നൽകിയത്. വിലക്ക് ലംഘിച്ച കെ.വി. തോമസിനെതിരായ നടപടി ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ ചേർന്ന എഐസിസി അച്ചടക്കസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇന്ന് ഡൽഹിയിൽ ചേർന്ന എ.ഐ.സി.സി അച്ചടക്ക സമിതി യോഗത്തിനുശേഷം താരിഖ് അൻവറാണ് തീരുമാനം പ്രഖ്യാപിച്ചത്. രണ്ടര മണിക്കൂറാണ് യോഗം നീണ്ടുനിന്നത്. എ.ഐ.സി.സി ഭരണഘടനാ പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. ഒരാൾക്കെതിരെ കുറ്റം ചെയ്‌തെന്ന ആരോപണമുണ്ടായാലും സംസ്ഥാന നേതൃത്വത്തിന്റെ ശിപാർശാ കത്ത് ലഭിച്ചാലും സ്വാഭാവിക നീതി നിഷേധിക്കരുതെന്ന് ഭരണഘടനാ തത്വമുണ്ട്. ഇത് പരിഗണിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനമായത്. മറുപടി അച്ചടക്ക സമിതി ചർച്ച ചെയ്ത് നടപടി തീരുമാനിക്കും.
കഴിഞ്ഞ ദിവസമാണ് പാർട്ടിയുടെ വിലക്ക് ലംഘിച്ച് സി.പി.എം കെ.വി തോമസ് കണ്ണൂരിൽ പാർട്ടി കോൺഗ്രസിൻരെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്തത്. അദ്ദേഹത്തിനെതിരെ കടുത്ത നടപടി വേണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടിരുന്നു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കാണ് കെ.പി.സി.സി കത്ത് നൽകിയത്. കത്ത് സോണിയ അച്ചടക്ക സമിതിക്ക് കൈമാറുകയായിരുന്നു.