പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസ്; കെ. സുധാകരൻ നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകും
കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ പ്രാവശ്യമാണ് കെ സുധാകരൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നത്.
കൊച്ചി: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ പ്രാവശ്യമാണ് കെ സുധാകരൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നത്.
പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്നും തനിക്ക് കൂടുതൽ സമയം വേണമെന്നുമാണ് സുധാകരൻ ഇ.ഡിയെ അറിയിച്ചിരുന്നത്. കേസിൽ നേരത്തെ കെ. സുധാകരനെ ഇ.ഡി വിശദമായി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞമാസം 30ന് വീണ്ടും ഹാജരാകണം എന്നാവശ്യപ്പെട്ടപ്പോഴാണ് തിരക്കിന്റെ കാര്യം ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് രേഖകൾ ഹാജരാക്കണം എന്നും ഇ.ഡി കെ. സുധാകരനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തുടർച്ചയായ ബാങ്ക് അവധിയായതിനാൽ ഹാജരാക്കാൻ സാധിക്കില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് നാളെ ഹാജരാകാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ഇ.ഡി സുധാകരന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
നാളെ രാവിലെ 11ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകും എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. മോൻസൻ മാവുങ്കലിന് പരാതിക്കാർ നൽകിയ 25 ലക്ഷം രൂപയിൽ 10 ലക്ഷം സുധാകരൻ കൈപ്പറ്റിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇതിന്റെ തുടർച്ചയായിട്ടാണ് കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച പരിശോധനകളിലേക്ക് ഇ.ഡി കടക്കുകയും കെ. സുധാകരനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തത്.