സര്‍ക്കാര്‍ രേഖയിലുള്ളത് യഥാര്‍ത്ഥ മരണങ്ങളുടെ മൂന്നിലൊന്ന് മാത്രം: കെ.സുരേന്ദ്രന്‍

കേന്ദ്രസര്‍ക്കാരിന്റെ ധനസഹായ പട്ടികയില്‍ നിന്നും കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍ പുറത്താകുന്ന സാഹചര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

Update: 2021-07-02 10:22 GMT
Advertising

തിരുവനന്തപുരം: കോവിഡ് മരണങ്ങളില്‍ സര്‍ക്കാര്‍ രേഖയിലുള്ളത് യഥാര്‍ത്ഥ മരണങ്ങളുടെ മൂന്നില്‍ ഒന്ന് മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചുവെന്ന് ആരോഗ്യമന്ത്രി പോലും സമ്മതിച്ചിരിക്കുകയാണ്. പരാതികള്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി പറയുന്നത് എങ്ങനെയാണെന്ന് മനസിലാവുന്നില്ല. മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് തെളിയിക്കാന്‍ ബന്ധുക്കള്‍ എന്ത് ചെയ്യണമെന്ന് മന്ത്രി വ്യക്തമാക്കണം.

കേന്ദ്രസര്‍ക്കാരിന്റെ ധനസഹായ പട്ടികയില്‍ നിന്നും കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍ പുറത്താകുന്ന സാഹചര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. നമ്പര്‍ വണ്‍ കേരളം എന്ന പ്രചരണം സൃഷ്ടിക്കാന്‍ വേണ്ടിയാണ് പിണറായി സര്‍ക്കാര്‍ കോവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കില്‍ നിന്നും ഒഴിവാക്കിയത്. ഐ.സി.എം.ആര്‍ മാനദണ്ഡങ്ങളുടെ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നത്. തുടക്കം മുതല്‍ കേന്ദ്രനയത്തിന് വിപരീതമായാണ് സംസ്ഥാനം പ്രവര്‍ത്തിച്ചത്. രാജ്യം മുഴുവന്‍ കോവിഡിനെ അതിജീവിച്ചപ്പോഴും കേരളത്തില്‍ കോവിഡ് കേസുകള്‍ കുറയാത്തതിന് കാരണം ഇതാണ്. തെറ്റായ നെഗറ്റീവ് റിപ്പോര്‍ട്ടുകളും പരിശോധന വൈകിയതും കാരണമാണ് കേരളത്തില്‍ കൂടുതല്‍ ആളുകള്‍ മരിക്കുന്നത്.

കേരളത്തില്‍ പ്രധാനമായും വിശ്വസനീയമല്ലാത്ത ആന്റിജന്‍ ടെസ്റ്റുകള്‍ ആണ് നടക്കുന്നത്. അതില്‍ തെറ്റായ നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ 40% വരെ ഉയര്‍ന്നതാണ്. അത് കൂടാതെ ആഴ്ചയിലെ ശരാശരി പരിശോധന അഞ്ചിലൊന്ന് കുറയ്ക്കുകയും ചെയ്തു. ഇതാണ് കേരളത്തിലെ മരണനിരക്ക് കുറയാതിരിക്കാന്‍ കാരണം. എന്നാല്‍ ഇതൊന്നും മനസിലാക്കാതെ മരണനിരക്ക് കുറച്ച് കാണിച്ച് തടിതപ്പാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News