മത്സരിക്കാൻ ആഗ്രഹമുണ്ട്, തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി: കെ വി തോമസ്

പരിചയ സമ്പത്തുള്ള നേതാവാണ് താനെന്ന് കെ വി തോമസ്

Update: 2022-03-08 08:13 GMT
Advertising

രാജ്യസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. പരിചയ സമ്പത്തുള്ള നേതാവാണ് താൻ. അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. താനെന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും കെ വി തോമസ് പറഞ്ഞു.

എ കെ ആന്‍റണി മത്സരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞതോടെ കോണ്‍ഗ്രസിന് പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ട സാഹചര്യമാണ്. മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.  

ഏപ്രിൽ രണ്ടിന് കാലാവധി തീരുന്ന രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ നിന്ന് എ കെ ആന്‍റണിക്കു പുറമെ എം വി ശ്രേയാംസ്കുമാർ, കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. മാര്‍ച്ച് 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 21 ആണ്. 22ന് സൂക്ഷ്മ പരിശോധന നടക്കും. മാർച്ച് 31ന് രാവിലെ ഒന്‍പതു മണി മുതൽ വൈകീട്ട് നാലു വരെയാണ് വോട്ടെടുപ്പ് നടക്കുക. അന്ന് വൈകീട്ട് അഞ്ച് മണിക്ക് വേട്ടെണ്ണൽ നടക്കും.

കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് സീറ്റില്‍ രണ്ടെണ്ണത്തില്‍ ഇടത് മുന്നണിക്കും ഒരെണ്ണത്തില്‍ യുഡിഎഫിനും ജയിക്കാന്‍ കഴിയും. ശ്രേയാംസ് കുമാറിന്‍റെ കാലാവധി കഴിയുന്നെങ്കിലും എല്‍ജെഡിക്ക് വീണ്ടും സീറ്റ് നല്‍കിയേക്കില്ല. അത് സിപിഐയ്ക്ക് നല്‍കാനാണ് സാധ്യത. ഒന്നില്‍ സിപിഎമ്മും മത്സരിക്കും. മത്സരിക്കുന്നതാര് എന്ന കാര്യത്തില്‍ ഈ ആഴ്ച അവസാനത്തോടെ തീരുമാനമുണ്ടായേക്കും. കേരളത്തിന് പുറമെ പഞ്ചാബ്, അസം, ഹിമാചൽ പ്രദേശ്, ത്രിപുര, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News