കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചു; മുൻ എം.എൽ.എ കെ.കെ ലതികയ്ക്കെതിരെ അന്വേഷണം
യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി നൽകിയ പരാതിയിലാണ് നടപടി
കോഴിക്കോട്: മുൻ സിപിഎം എംഎൽഎ കെകെ ലതികയ്ക്കെതിരെ അന്വേഷണം. കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് അന്വേഷണം.
യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ നൽകിയ പരാതിയിലാണ് നടപടി. ഡിജിപി പൊലീസ് ഹെഡ്ക്വാർട്ടേർസിലെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി കൈമാറി.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് കെകെ ലതിക ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. 'എന്തൊരു വർഗീയതയാണെടോ ഇത്. തെരഞ്ഞെടുപ്പ് കഴിഞ്ഞും നമ്മുടെ നാട് നിലനിൽക്കണ്ടെ. ഇത്ര കടുത്ത വർഗീയത പ്രചരിപ്പിക്കരുത്'- എന്നായിരുന്നു പോസ്റ്റിൽ എഴുതിയിരുന്നത്.
യൂത്ത് ലീഗ് പ്രവർത്തകനായ കാസിമിന്റെ പേരിലാണ് പോസ്റ്റ് പുറത്തുവന്നത്. പോസ്റ്റ് നിർമിച്ചതിൽ കാസിമിന് പങ്കില്ലെന്ന് കാണിച്ച് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് കെ.കെ ലതിക പോസ്റ്റ് പിൻവലിച്ചത്.