കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്: മുഖ്യപ്രതി അനിൽകുമാർ പിടിയിൽ
കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന അനിൽകുമാറിനെ മധുരയിൽ നിന്നാണ് പിടികൂടിയത്
കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ മുഖ്യപ്രതി അനിൽ കുമാർ പിടിയിൽ. കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന അനിൽകുമാറിനെ മധുരയിൽ നിന്നാണ് പിടികൂടിയത്.
കേസിൽ ഒന്നാം പ്രതിയായ അനിൽകുമാർ മൂന്നാഴ്ചയായി ഒളിവിൽ തുടരുകയായിരുന്നു. ഇയാൾ മധുരയിലുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇന്ന് രാവിലെയാണ് അനിൽ കുമാർ പിടിയിലാകുന്നത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
അനിൽകുമാറിനെതിരെയുള്ള തെളിവുകളെല്ലാം പൊലീസ് നേരത്തേ തന്നെ ശേഖരിച്ചിരുന്നു. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിലെത്തി സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചു. ദൃശ്യങ്ങളിൽ നിന്ന് കേസിൽ അനിൽകുമാറിന്റെ പങ്ക് തെളിയിക്കുന്ന കാര്യങ്ങൾ പൊലീസിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഇതിനിടയിൽ അനിൽകുമാർ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അനിൽ കുമാറിനെതിരെ തെളിവുകളുണ്ടെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഇപ്പോൾ അനിൽ കുമാറിനെ പിടികൂടിയിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റിൽ കളമശേരി മെഡിക്കൽ കോളജിൽ ജനിച്ച കുഞ്ഞിന് വേണ്ടി വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കി എന്നതാണ് അനിൽ കുമാറിനെതിരെയുള്ള കേസ്. തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളാണ് കുഞ്ഞിനെ അനധികൃതമായി ദത്തെടുത്തത്. ഇവരുടെ ആവശ്യപ്രകാരം അനിൽകുമാർ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയായിരുന്നുവെന്നാണ് വിവരം.