കല്ലുവാതുക്കല്‍ കേസ്: 'ഗ്രീഷ്മക്ക് തന്നോട് പകയായിരുന്നു'; പൊട്ടിക്കരഞ്ഞുകൊണ്ട് രേഷ്മ
അനന്തുവെന്ന പേരിൽ ആണ്‍ സുഹൃത്ത് ഉണ്ടായിരുന്നുവെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് രേഷ്മ
കൊല്ലം കല്ലുവാതുക്കലിൽ നവജാത ശിശു മരിച്ച സംഭവത്തിൽ പ്രതി രേഷ്മയെ അന്വേഷണസംഘം ജയിലിൽ ചോദ്യം ചെയ്തു. ആര്യയും ഗ്രീഷ്മയും അനന്തു എന്ന വ്യാജ ഐഡി ഉപയോഗിച്ച് കബളിപ്പിച്ചതായിരുന്നുവെന്ന് അറിഞ്ഞ രേഷ്മ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ പൊട്ടിക്കരഞ്ഞു. എന്നാൽ അനന്തുവെന്ന പേരിൽ ആണ്‍ സുഹൃത്ത് ഉണ്ടായിരുന്നുവെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് രേഷ്മ.
വര്‍ക്കലയില്‍ അനന്തുവിനെ കാണാനായി പോയിട്ടുണ്ട്. അന്ന് അനന്തുവിനെ കാണാന്‍ പറ്റിയില്ല. ഇതറിഞ്ഞ ശേഷമാകാം അനന്തുവെന്ന പേരിൽ ഇവർ ചാറ്റ് ചെയ്തതെന്ന് രേഷ്മ പറഞ്ഞു. ഗ്രീഷ്മയുടെ ഒരു സുഹൃത്തിന്‍റെ വിവരം ബന്ധുക്കളെ അറിയിച്ചതിന് തന്നോട് പകയുണ്ടെന്നും മൊഴിയിൽ പറയുന്നു. ഗർഭിണി ആയിരുന്ന കാര്യം ചാറ്റിൽ സൂചിപ്പിച്ചിരുന്നില്ലെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.
കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസിലെ വഴിത്തിരിവായിരുന്നു രേഷ്മയുടെ ബന്ധുക്കളായ യുവതികളുടെ ആത്മഹത്യ. ഇത്തിക്കരയാറ്റിൽ ചാടി ജീവനൊടുക്കിയ ഇവർ വ്യാജ ഐഡിയിലൂടെ ചാറ്റിങ്ങിലേക്ക് പിന്നീടാണ് പൊലീസ് എത്തിച്ചേർന്നത്.
ടെക്സ്റ്റ് മെസേജുകള്‍ അയക്കുന്നതല്ലാതെ ഒരിക്കല്‍ പോലും വീഡിയോ കോളോ വോയ്സ് കോളോ വിളിക്കാതെയാണ് യുവതികള്‍ രേഷ്മയെ കബളിപ്പിച്ചിരുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ജീവനൊടുക്കിയത്. രേഷ്മയുടെ അടുത്ത ബന്ധുക്കളാണ് മരിച്ച യുവതികൾ.