'സി.പി.ഐ വിട്ടവരാണ് സി.പി.എം ഉണ്ടാക്കിയത്, മറക്കണ്ട' എം ജയരാജന് മറുപടിയുമായി കാനം രാജേന്ദ്രന്‍

എം വി ജയരാജന് മറുപടി പറയേണ്ടത് താനല്ലെന്നും ചരിത്രം പരിശോധിക്കണമെന്നും കാനം പറഞ്ഞു.

Update: 2021-12-06 12:54 GMT
Advertising

സി.പി.എം പുറത്താക്കിയ കോമത്ത് മുരളീധരൻ സി.പി.ഐയിൽ ചേർന്നതിന് പിന്നാലെ നടക്കുന്ന വാക്പോരിന് മൂര്‍ച്ച കൂടുന്നു. കഴിഞ്ഞ ദിവസം സി.പി.ഐ നടപടിയെ വിമര്‍ശിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ രംഗത്തെത്തി. 

സി.പി.എമ്മിൽ നിന്ന് സി.പി.ഐ യിലേക്കും തിരിച്ചും ആളുകൾ പോകാറുണ്ട്. ഇക്കാര്യത്തിൽ അസ്വഭാവികതയൊന്നുമില്ല. എം വി ജയരാജന് മറുപടി പറയേണ്ടത് താനല്ലെന്നും ചരിത്രം പരിശോധിക്കണമെന്നും കാനം പറഞ്ഞു. 1964 ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളർപ്പ് ചൂണ്ടിക്കാട്ടിയ കാനം സി.പി.ഐയിൽ നിന്ന് പോയ ആളുകൾ ചേർന്നാണ് സി.പി.എം ഉണ്ടാക്കിയതെന്ന് മറക്കരുതെന്നും ഓര്‍മ്മപ്പെടുത്തി.

സകല കുറ്റങ്ങളും ചെയ്യുന്നവർക്ക് കയറിക്കിടക്കാവുന്ന കൂടാരമാണ് കണ്ണൂരിലെ സി.പി.ഐ എന്നായിരുന്നു എം.വി ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞത്. സി.പി.എം പുറത്താക്കുന്നവർക്ക്  അഭയം നൽകാനാണോ സി.പി.ഐ ഇരിക്കുന്നതെന്നും ഇങ്ങനൊരു ഗതികേട് സി.പി.ഐയ്ക്ക് വന്നതിൽ വിഷമമുണ്ടെന്നും ജയരാജന്‍ പറഞ്ഞിരുന്നു. സിപിഎം പുറത്താക്കിയ കോമത്ത് മുരളീധരൻ സി.പി.ഐയിൽ ചേർന്നതിന് പിന്നാലെ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു എം ജയരാജന്‍റെ പ്രതികരണം. അതേസമയം തളിപ്പറമ്പിൽ ഉണ്ടായത് പ്രദേശിക പ്രശ്നമാണെന്നും നടപടിയെടുത്തവരെ സ്വീകരിക്കുക എന്നത് കമ്യുണിസ്റ്റ് പാർട്ടികൾക്ക് യോജിച്ച നയമല്ലെന്നും ജയരാജന്‍‌ ആവര്‍‌ത്തിച്ചു. 

എന്നാല്‍ എം വി ജയരാജന്‍റെ പ്രസ്താവന ഗൗരവത്തിൽ എടുക്കുന്നില്ലെന്നും  പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും സ്വീകരിക്കുമെന്നും സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി പി സന്തോഷ്‌കുമാർ വ്യക്തമാക്കി. വിവാദങ്ങളുടെ ബോക്സ് തുറക്കാതിരിക്കുന്നതാണ് നല്ലതെന്നും മാന്ധംകുണ്ടിൽ സിപിഐ സ്ഥാപിച്ച പതാക അവിടെത്തന്നെ ഉണ്ടാകുമെന്നും പി സന്തോഷ് കുമാർ പറഞ്ഞു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News