'കണ്ടറിയണം കോശി' താങ്കളുടെ ഭാവി- കെ.വി തോമസിനെതിരെ കണ്ണൂർ മേയർ ടി.ഒ മോഹനൻ
' അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ രക്തസാക്ഷികളുടെ മൃതദേഹത്തിൽ ചവിട്ടിയാണ് അങ്ങ് കണ്ണൂരിന്റെ മണ്ണിൽ സിപിഎമ്മിന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നത്. '
കണ്ണൂര്‍: സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ പാർട്ടി പങ്കെടുക്കാനായി കണ്ണൂരിൽ വന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിനെതിരെ കണ്ണൂർ മേയറും കോൺഗ്രസ് നേതാവുമായി ടി.ഒ മോഹനൻ.
' അങ്ങ് എന്റെ നാടായ കണ്ണൂരിലേക്ക് വരുമ്പോൾ ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ അങ്ങയെ സ്വാഗതം ചെയ്യേണ്ടതാണ്.'
എന്ന് പറഞ്ഞ് ആരംഭിക്കുന്ന കുറിപ്പിൽ പിന്നീട് ടി.ഒ മോഹനൻ ഇങ്ങനെ പറയുന്നു- '
പക്ഷേ പുതിയ നിലപാടുമായി കണ്ണൂരിലേക്ക് വരുമ്പോൾ ഒരിക്കലും അങ്ങയെ കോൺഗ്രസുകാർക്ക് സ്വാഗതം ചെയ്യാൻ കഴിയുകയില്ല. കാരണം കണ്ണൂരിലെ മണ്ണ് സി.പി.എം കാരുടെ കഠാര മുനയാൽ ജീവൻ നഷ്ടപ്പെട്ട, മാരകമായ പരിക്കിനാൽ ജീവിതകാലം മുഴുവൻ നരകയാതന അനുഭവിക്കാൻ വിധിക്കപ്പെട്ട ഒരുപാട് കോൺഗ്രസ് പ്രവർത്തകരുടെ ചോര വീണ മണ്ണാണ്- ടി.ഒ മോഹനൻ പറഞ്ഞു.
' അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ അവരുടെ മൃതദേഹത്തിൽ ചവിട്ടിയാണ് അങ്ങ് കണ്ണൂരിന്റെ മണ്ണിൽ സിപിഎമ്മിന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നത്.
താങ്കളുടെ ഈ വരവ് ആ രക്തസാക്ഷി കുടുംബങ്ങളിൽ ആരുടെയെങ്കിലും കണ്ണീരൊപ്പാൻ ആയിരുന്നെങ്കിൽ പ്രവർത്തകർ ഒന്നടങ്കം അങ്ങേയ്ക്ക് 'ജയ്' വിളിച്ചേനെ' - ടി.ഒ മോഹനൻ പറഞ്ഞു.
' പ്രായക്കൂടുതൽ കാരണം കോൺഗ്രസ് പരിഗണിക്കുന്നില്ല(?) എന്ന് പറയുന്ന താങ്കൾ ചേക്കേറാൻ പോകുന്നത് 75 കഴിഞ്ഞവരെയൊക്കെ (പിണറായി ഒഴികെ) മൂലക്ക് ഇരുത്തുന്ന സിപിഎമ്മിന്റെ ചാരത്തെക്കാണല്ലോ എന്നോർക്കുമ്പോൾ
താങ്കളുടെ ഭാവി'കണ്ടറിയണം കോശി' എന്നെ പറയാനുള്ളൂ.' - മോഹനൻ കൂട്ടിച്ചേർത്തു.
കോൺഗ്രസ് വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ മുതിർന്ന കെ.വി തോമസ് രാത്രിയാണ് കണ്ണൂരിലെത്തിയത്. സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ പങ്കെടുക്കാനെത്തിയ ഇദ്ദേഹത്തെ ചുവന്ന ഷാൾ അണിയിച്ച് എംവി ജയരാജൻ അടക്കമുള്ള നേതാക്കൾ വിമാനത്താവളത്തിൽ സ്വീകരിച്ചു.കോൺഗ്രസാണോ പാർട്ടി കോൺഗ്രസാണോ വലുതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിന്നെ പറയാമെന്ന് കെ.വി തോമസ് മറുപടി നൽകി. നാളെയാണ് സെമിനാർ നടക്കുന്നത്.
അതേസമയം, സിപിഎം വേദിയിൽ കോൺഗ്രസ് നിലപാട് വിശദീകരിക്കാൻ അവസരം കിട്ടിയാൽ വിനിയോഗിക്കണമെന്നും എന്നാൽ അച്ചടക്കം ലംഘിച്ചവരുതെന്നും മുതിർന്ന നേതാവ് പ്രഫ. പി.ജെ.കുര്യൻ പറഞ്ഞു. സംസാരിക്കുന്ന വിഷയം എന്താണെന്ന് അറിഞ്ഞിട്ടാവണം കെ.വി. തോമസിനെതിരെ നടപടിയെടുക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാർട്ടി വിലക്ക് ലംഘിച്ച് സി.പി.എം സെമിനാറിൽ പങ്കെടുക്കുന്ന തോമസിനെതിരെ എന്തു നടപടി എടുക്കണമെന്ന കാര്യത്തിൽ കെ.പി.സി.സി നേതൃത്വത്തിൽ ചർച്ചകൾ സജീവമാണ്. സസ്‌പെൻഷനടക്കമുള്ള നടപടികൾ ഒരു വിഭാഗം നേതാക്കൾ മുന്നോട്ട് വയ്ക്കുമ്പോൾ കെ.വി തോമസിനെ അവഗണിക്കണമെന്ന നിലപാടും മറ്റൊരു വിഭാഗം ശക്തമായി ഉയർത്തുന്നുണ്ട്. മുതിർന്ന നേതാക്കളടക്കമുള്ളവരുമായി ആലോചിച്ച് യോജിച്ച തീരുമാനം എടുക്കാമെന്ന നിലപാടിലാണ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ.
അതേസമയം, കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന് പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. വോട്ടെടുപ്പ് നടന്ന പ്രമേയത്തിൽ ചില അംഗങ്ങൾ എതിർപ്പ് രേഖപ്പെടുത്തി. പ്രമേയത്തിന് പാർട്ടി കോൺഗ്രസ് അഗീകാരം നൽകി. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശിക സഖ്യങ്ങളിൽ തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി.