രാജിവെക്കില്ല, പുറത്താക്കട്ടെയെന്ന് കണ്ണൂർ സർവകലാശാല വി.സി
വി.സിമാരെ പുറത്താക്കണമെങ്കിൽ കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അത് പാലിക്കാതെ ഗവർണർക്ക് നടപടിയെടുക്കാനാവില്ലെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം: രാജിവെക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. സാമ്പത്തിക ക്രമക്കേട്, മോശം പെരുമാറ്റം എന്നീ രണ്ട് കാരണങ്ങളിലാണ് വി.സിയുടെ രാജി ആവശ്യപ്പെടാൻ സാധിക്കുക. ഇത് രണ്ടും ഉണ്ടായിട്ടില്ല. പിരിച്ചുവിടുന്നെങ്കിൽ പിരിച്ചു വിടട്ടെ എന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയിൽ ഒരു കേസ് നിലനിൽക്കുന്നുണ്ട്. അങ്ങനെ ഒരു കേസ് നിലനിൽക്കെ ഇത്തരത്തിൽ വി.സിയെ പുറത്താക്കാൻ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടത്. നാളെ രാവിലെ 11.30ന് മുമ്പ് രാജിവെക്കണമെന്നാണ് വി.സിമാർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം റദ്ദാക്കിയ സുപ്രിംകോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് ഗവർണർ വി.സിമാരുടെ നിയമനം റദ്ദാക്കിയത്.