സാങ്കേതിക തകരാര്‍: കരിപ്പൂരില്‍ നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
ഒമാന്‍ എയർവേയ്സിന്റെ വിമാനമാണ് തിരിച്ചിറക്കിയത്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് ഒമാന്‍ എയർവേയ്സിന്റെ വിമാനം തിരിച്ചിറക്കിയത്. 162 യാത്രക്കാരാണ് വിമാനത്തിലുള്ളത്.
രാവിലെ 9.02നാണ് ഒമാൻ എയർവെയ്സ് വിമാനം 162 യാത്രക്കാരുമായി പറന്ന് ഉയർന്നത്. ഏതാണ്ട് മുക്കാൽ മണിക്കൂറിന് ശേഷമാണ് വെതർ റെഡാറിന് തകരാർ സംഭവിച്ചതായി കണ്ടെത്തിയത്. കാലവസ്ഥ സംബന്ധിച്ച വിവരങ്ങളൊന്നും പൈലറ്റിന് ലഭിക്കാത്ത സാഹചര്യം വന്നു. ഇതോടെയാണ് വിമാനം തിരിച്ചിറക്കാൻ നിർദേശം നൽകിയത്. 11.55ഓടെ വിമാനം സുരക്ഷിതമായി ലാന്‍റ് ചെയ്തു.
ഇന്ധനം തീർന്നാൽ മാത്രമേ സുരക്ഷിതമായി വിമാനം ലാന്‍റ് ചെയ്യാൻ കഴിയൂ. അതിനാൽ മണിക്കൂറുകളോളം വിമാനത്തിന് ആകാശത്ത് വട്ടമിട്ട് പറക്കേണ്ടി വന്നു. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. നാളെ പുലർച്ചക്കുള്ള വിമാനത്തിൽ യാത്രക്കാരെ മസ്കറ്റിലെത്തിക്കും. യാത്രക്കാർ സുരക്ഷിതരാണ്.