കാട്ടാക്കട ആള്‍മാറാട്ടം, രാത്രിനൃത്തം വിവാദങ്ങളിലെ നടപടികൾ ഒഴിവാക്കി എസ്.എഫ്.ഐ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ട്

എസ്.എഫ്.ഐയുടെ പഴയ ജില്ലാ സെക്രട്ടറിയും പ്രസിഡൻ്റുo യൂനിവേഴ്സിറ്റി കോളജിൽ മദ്യപിച്ച് നൃത്തംചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ പാര്‍ട്ടി നടപടിയെടുത്തിരുന്നു

Update: 2023-06-10 01:44 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എഫ്.ഐയെ ഏറ്റവും കൂടുതൽ പ്രതിക്കൂട്ടിൽ നിർത്തിയ ജില്ലയാണ് തിരുവനന്തപുരം. എന്നാൽ, തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ  പ്രവർത്തന റിപ്പോർട്ട് വിവാദങ്ങളോട് പൂർണമായും മൗനം പാലിച്ചിരിക്കുകയാണ്. കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളജിലെ ആള്‍മാറാട്ട വിവാദത്തിലെയും യൂനിവേഴ്സിറ്റി കോളജിലെ രാത്രിനൃത്തത്തിലെയും നടപടികൾ അടക്കം റിപ്പോർട്ടിൽ ചേര്‍ത്തിട്ടില്ല.

സംഘടനാരീതിക്ക് വിരുദ്ധമായി എസ്.എഫ്.ഐ നേതാക്കൾ പ്രവർത്തിച്ചുതുടങ്ങിയത് സി.പി.എം നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിനു പിന്നാലെ പാർട്ടി നയവ്യതിയാനങ്ങളിൽ കർശന നടപടിയെടുക്കാൻ തീരുമാനിച്ചതോടെയാണ് എസ്.എഫ്.ഐ നേതാക്കൾക്ക് പിടിവീണത്. എസ്.എഫ്.ഐയുടെ  പഴയ ജില്ലാ സെക്രട്ടറിയും പ്രസിഡൻ്റുo യൂനിവേഴ്സിറ്റി കോളജിൽ മദ്യപിച്ച് നൃത്തംചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ പാര്‍ട്ടി നടപടിയിലേക്ക് നീങ്ങി. ഇരുവരെയും പുറത്താക്കിയായിരുന്നു നടപടി.

എന്നാല്‍, ഇന്നലെ ആരംഭിച്ച എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിലെ റിപ്പോര്‍ട്ടില്‍ നടപടിയെ കുറിച്ച് പറയുന്നത് ഇത്രമാത്രം: ''സംഘടനയ്ക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവൃത്തികള്‍ നടത്തിയതിന്‍റെ ഭാഗമായി സമ്മേളന കാലയളവില്‍ ജില്ലാ സെക്രട്ടറി ഗോകുലിനെയും പ്രസിഡന്‍റ് ജോബിനെയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗം നസീം, ജില്ലാ കമ്മിറ്റി അംഗം നന്ദു, വിശാഖ് എന്നിവരെയും സംഘടനയില്‍നിന്ന് ഒഴിവാക്കുകയും സെക്രട്ടറിയായി ആദര്‍ശിനെയും പ്രസിഡന്‍റായി ആദിത്യനെയും തിരഞ്ഞെടുക്കുകയും ചെയ്തു.''

കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ആൾമാറാട്ടം നടത്തി വിശാഖ് എന്ന നേതാവ് യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാനാകാൻ നടത്തിയ നീക്കവും നടപടിയും റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. ക്രിസ്റ്റ്യന്‍ കോളജിലെ സംഘടനാപ്രവര്‍ത്തനം മുന്‍കാലങ്ങളിലേതുപോലെ ശക്തിപ്പെടുത്താന്‍ കഴിയണം, ഇവിടെയുണ്ടാകുന്ന അനാവശ്യ സംഘര്‍ഷങ്ങള്‍ ഏരിയാ കമ്മിറ്റി ഗൗരവമായി പരിഹരിച്ച് കാംപസിനെ സംഘടനാവല്‍ക്കരിക്കാനാകണം, ഏരിയക്കകത്തുണ്ടാകുന്ന അനാരോഗ്യ പ്രവണതകള്‍ ഒഴിവാക്കി ജാഗ്രതാപൂര്‍വം പ്രവര്‍ത്തിക്കാനാകണം തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് റിപ്പോർട്ടിൽ പറയുന്നത്.

Summary: The actions in Kattakada Christian College impersonation and night dance in University College controversies didn't get included in the report of SFI Thiruvananthapuram district conference

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News