'അടുത്ത തവണ ഷാഫി തോൽക്കും'; സഭയിൽ അസാധാരണ പരാമർശവുമായി സ്പീക്കർ

കൊച്ചി കോർപ്പറേഷനിലെ പൊലീസ് നടപടി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം ജോൺ എംഎൽഎയാണ് അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകിയത്

Update: 2023-03-14 05:14 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ സഭയിൽ ഇന്നും പ്രതിഷേധം. സർക്കാരിനെതിരെ ബാനറുമായി പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി. ബാനർ ഉയർത്തിയവർക്കെതിരെ നടപടിയുണ്ടാവുമെന്ന് സ്പീക്കർ പറഞ്ഞു. സഭയിലെ പ്രതിഷേധം ജനങ്ങൾ കാണുന്നുണ്ടെന്നും ഷാഫി പറമ്പിൽ അടുത്ത തവണ തോൽക്കുമെന്നുമായിരുന്നു സ്പീക്കറുടെ അസാധാരണ പരമാർശം.

കൊച്ചി കോർപ്പറേഷനിലെ വനിതാ കൗൺസിലർക്കെതിരായ പൊലീസ് നടപടിയും യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതിരുന്നതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം ജോൺ എംഎൽഎയാണ് അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ അനുമതി നൽകില്ലെന്നും ആദ്യ സബ്മീഷൻ ആയി പരിഗണിക്കാമെന്നും സ്പീക്കർ മറുപടി നൽകി.

മുതിർന്ന നേതാക്കളെ വരെ ക്രൂരമായി മർദ്ദിച്ചത് ഗൗരവമുള്ള വിഷയമാണെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. അനുമതിയില്ലെന്ന് സ്പീക്കർ നിലപാടെടുത്തു. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരുമെന്നതിനാലാണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്ന് സതീശൻ കുറ്റപ്പെടുത്തിയതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഹളമായി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനറുമായി പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെയാണ് ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന പരാമർശവുമായി സ്പീക്കർ രംഗത്തെത്തിയത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News