ഇനി ജനഹൃദയങ്ങളിൽ; നായകന് വിടചൊല്ലി നാട്
പാണക്കാട്ടെ ജുമാമസ്ജിദിൽ പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങൾക്കും സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർക്കും ചാരെ ഇനി ഹൈദരലി തങ്ങൾക്ക് നിത്യവിശ്രമം
ജനലക്ഷങ്ങൾക്ക് സമാശ്വാസത്തിന്റെ തിരുസ്പർശം പകർന്ന പ്രിയതങ്ങൾ ഇനിയില്ല. പതിറ്റാണ്ടുകാലം കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്‍റെ രാഷ്ട്രീയ, ആത്മീയ നെടുനായകത്വം വഹിച്ച അതികായന് നാട് വിടചൊല്ലി. കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യവും മതേതരകേരളത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്ന മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾക്ക് പതിനായിരങ്ങൾ നിറകണ്ണുകളോടെ അന്ത്യയാത്ര നൽകി. പാണക്കാട്ടെ ജുമാമസ്ജിദിനു തൊട്ടടുത്ത് പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങൾക്കും സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർക്കും ചാരെ ഇനി ഹൈദരലി തങ്ങൾക്ക് നിത്യവിശ്രമം.
പുലർച്ചെ 2.30നായിരുന്നു അപ്രതീക്ഷിതമായി ഖബറടക്കൽ ചടങ്ങ് നടന്നത്. പാണക്കാട് ജുമാമസ്ജിദില്‍ അവസാന മയ്യിത്ത് നമസ്കാരങ്ങള്‍ക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൊലീസ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയുള്ള ഗാർഡ് ഓഫ് ഓണർ നൽകി.
നിയന്ത്രണങ്ങൾക്കപ്പുറമുള്ള ജനത്തിരക്ക് അടക്കമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ചാണ് നേരത്തെ നിശ്ചയിച്ചതിൽനിന്ന് വിപരീതമായി അർധരാത്രി തന്നെ ഖബറടക്കിയത്. രാവിലെ ഒൻപതിനായിരുന്നു നേരത്തെ ഖബറടക്കം നിശ്ചയിച്ചിരുന്നത്. എന്നാൽ, മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിനുവച്ച ശേഷം അഭൂതപൂർവമായ ജനക്കൂട്ടമാണ് ഇങ്ങോട്ട് ഒഴുകിയത്. എല്ലാ കണക്കുകൂട്ടലും തെറ്റിച്ച ജനപ്രവാഹത്തിൽ അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്ഥലത്ത് കുഴഞ്ഞുവീണ മുൻ മന്ത്രി പി.കെ അബ്ദുറബ്ബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അർബുദബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കേയാണ് ഇന്നു രാവിലെ ഹൈദരലി ശിഹാബ് തങ്ങൾ വിടപറഞ്ഞത്. അങ്കമാലിയിൽ മൃതദേഹം പൊതുദർശനത്തിനുവച്ച ശേഷമാണ് മലപ്പുറത്തേക്ക് കൊണ്ടുവന്നത്. തുടർന്ന് പാണക്കാട്ടെ വീട്ടിലെത്തിച്ച് ബന്ധുക്കൾക്ക് കാണാനും മയ്യിത്ത് നമസ്‌കരിക്കാനുമുള്ള അവസരമൊരുക്കി. ഇതിനുശേഷമാണ് മലപ്പുറത്തെ ടൗൺഹാളിലെത്തിച്ച് മൃതദേഹം പൊതുദർശനത്തിനുവച്ചത്. ഇവിടെ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്മാന്‍, എ.കെ ശശീന്ദ്രന്‍, കാന്തപുരം അബൂബക്കര്‍ മുസ്‍ലിയാര്‍, എം.ടി അബ്ദുല്ല മുസ്‍ലിയാര്‍ അടക്കം മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗങ്ങളിലെ പ്രമുഖരെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
ജനതയുടെ നായകന്‍
18 വർഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷമാണ് സംസ്ഥാന അധ്യക്ഷനായത്. കേരളത്തിലെ ആയിരത്തിലധികം മുസ്‌ലിം മഹല്ലുകളുടെ ഖാദിയാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യ, ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി, കടമേരി റഹ്‌മാനിയ്യ അറബിക് കോളജ്, നന്തി ദാറുസ്സലാം അറബിക് കോളജ് അടക്കം ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്.
പുതിയ മാളിയേക്കൽ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ പൂക്കോയ തങ്ങൾ) മർയം എന്ന ചെറിഞ്ഞി ബീവിയുടെയും പുത്രന്മാരിൽ മൂന്നാമനായി 1947 ജൂൺ 15ന് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലാണ് ജനനം. ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക പഠനം. പാണക്കാട്ടെ ദേവധാർ സ്‌കൂളിൽ ഒന്നു മുതൽ നാലു വരെ പഠിച്ചു. തുടർന്ന് കോഴിക്കോട് മദ്റസത്തുൽ മുഹമ്മദിയ്യ (എം.എം ഹൈസ്‌കൂൾ) സ്‌കൂളിൽ ചേർന്നു. പത്തുവരെ അവിടെയായിരുന്നു പഠനം.
എസ്.എസ്.എൽ.സിക്കുശേഷം മതപഠനത്തിലേക്ക് തിരിഞ്ഞു. മലപ്പുറം തിരുന്നാവായയ്ക്കടുത്ത കോന്നല്ലൂർ ദർസിലാണ് ആദ്യം ചേർന്നത്. തുടർന്ന് പൊന്നാനി മഊനത്തിൽ ഇസ്‌ലാമിലും അവിടെനിന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്കും പഠനം തുടർന്നു. 1972ലാണ് ജാമിഅയിൽ ചേർന്നത്. 1975 ഫൈസി ബിരുദം നേടി. ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, കുമരംപുത്തൂർ എ.പി മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവരായിരുന്നു ഗുരുവര്യന്മാർ.
ജാമിഅയിലെ പഠനത്തിനിടെ വിദ്യാർഥി സംഘടനയായ നൂറുൽ ഉലമ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പൊതുപ്രവർത്തനത്തിന്റെയും സംഘടനാ പ്രവർത്തനത്തിന്റെയും തുടക്കം ഇതായിരുന്നു. 1973ൽ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ രൂപീകരിച്ചപ്പോൾ അതിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായി ഹൈദരലി തങ്ങളെ തെരഞ്ഞെടുത്തു. 1977ൽ മലപ്പുറം ജില്ലയിലെ പുൽപ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂരിൽ മഹല്ല് പള്ളി-മദ്റസ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ മരണത്തോടെയാണ് രാഷ്ട്രീയ, മതരംഗത്തോട് കൂടുതൽ സജീവമായി ഇടപെടുന്നത്.
സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും മരണപ്പെട്ടതോടെ അവരുടെ ഉത്തരവാദിത്തങ്ങൾ ഹൈദരലി തങ്ങളുടെ ചുമലിലായി. 2008ൽ സമസ്ത മുശാവറ അംഗമായി. 2010 ഒക്ടോബർ രണ്ടിന് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2009ൽ സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റായി. 2009 ഓഗസ്റ്റ് ഒന്നിന് മുഹമ്മദലി ശിഹാബ് തങ്ങൾ മരണപ്പെട്ടതോടെ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായും നിയമിതനാകുകയായിരുന്നു.
കൊയിലാണ്ടിയിലെ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളുടെ മകൾ സയ്യിദത്ത് ശരീഫ ഫാത്വിമ സുഹ്റയാണ് ഭാര്യ. സയ്യിദ് നഈമലി ശിഹാബ് തങ്ങൾ, സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ, സയ്യിദത്ത് സാജിദ, സയ്യിദത്ത് വാജിദ എന്നിവരാണ് മക്കൾ.
Summary: Kerala bids adieu to Sayyid Hyder Ali Shihab Thangal