കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി യോഗം ഇന്ന്; അധിക മന്ത്രിസ്ഥാനവും പുതുപ്പള്ളി തെരഞ്ഞെടുപ്പും ചർച്ചയാകും
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് ഇന്ന് കോട്ടയത്ത് ചേരുന്ന ഉന്നതാധികാര സമിതി യോഗത്തിന്റെ പ്രധാന അജണ്ട.
കോട്ടയം: കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി യോഗം ഇന്ന്. ലോക്‌സഭാ തെരഞ്ഞെടുപ്പ്, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം എന്നിവ ചർച്ചയാകും. പുനഃസംഘടനയിൽ അധിക മന്ത്രി സ്ഥാനം ആവശ്യപ്പെടുന്ന വിഷയവും കെ.ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിലുള്ള എതിർപ്പും യോഗത്തിൽ ഉയർന്നേക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് ഇന്ന് കോട്ടയത്ത് ചേരുന്ന ഉന്നതാധികാര സമിതി യോഗത്തിന്റെ പ്രധാന അജണ്ട. ഇടതുമുന്നണിയിൽ എത്തിയശേഷം ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്നതും ജോസ് കെ. മാണി ചെയർമാൻ ആയ ശേഷമുള്ള തെരഞ്ഞെടുപ്പിൽ ശക്തി തെളിക്കുകയെന്നതും പാർട്ടിക്ക് വെല്ലുവിളിയാണ്. കോട്ടയത്തിനു പുറമെ ഇടുക്കിയോ പത്തനംതിട്ട സീറ്റോ അധികമായി ലഭിക്കണമെന്ന ആവശ്യം ചർച്ച ചെയ്യും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ വോട്ടുകുറഞ്ഞു എന്ന ആരോപണത്തിൽ നേതൃത്വത്തിന് അതൃപ്തിയുണ്ട്. മന്ത്രിസഭാ പുനഃസംഘടനയിൽ എം.എൽ.എ മാരുടെ എണ്ണത്തിന് ആനുപതികമായി ഒരു മന്ത്രി സ്ഥാനം കൂടി വേണമെന്ന ആവശ്യവും ഉന്നതാധികാര സമിതി ചർച്ച ചെയ്യും.
പുതുപ്പള്ളിയിൽ പാർട്ടി വോട്ടുകൾ വോട്ട് കുറഞ്ഞെന്ന പ്രചാരണത്തിനു പിന്നിൽ സി.പി.ഐ ഇടപെടലാണെന്നും കേരളാ കോൺഗ്രസ് നേതൃത്വം കരുതുന്നു. സർക്കാരിൽ രണ്ടാം മന്ത്രി സ്ഥാനം തുടക്കത്തിൽ ലഭിക്കാതിരുന്നതിനു കാരണം സി.പി.ഐ സമ്മർദം മൂലമെന്നും വിലയിരുത്തുന്നു. കെ.ബി ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിൽ കേരളാ കോൺഗ്രസ് (എം) മുന്നണിയിൽ എതിർപ്പ് അറിയിക്കും.
സോളാർ കേസിൽ പരാതിക്കാരിയുടെ വിവാദമായ കത്തിൽ ജോസ് കെ. മാണിയുടെ പേര് എഴുതി ചേർത്തത് കെ.ബി ഗണേഷ് കുമാറാണെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തൽ ഉയർത്തിക്കാട്ടും. ഇത്തരം വിഷയങ്ങൾ ഹൈപവർ കമ്മിറ്റി വിശദമായി ചർച്ച ചെയ്യും.