കേരള കോൺഗ്രസിൽ രാജി തുടരുന്നു; ജോസഫ് വിഭാഗം വൈസ് ചെയർമാൻ മാത്യു സ്റ്റീഫൻ രാജിവച്ചു
ജോണി നെല്ലൂർ രൂപീകരിക്കുന്ന പുതിയ പാർട്ടിയുടെ ഭാഗമാകുമെന്ന് മാത്യു മാത്യു സ്റ്റീഫൻ അറിയിച്ചു
ഇടുക്കി: കേരള കോൺഗ്രസിൽ രാജി തുടരുന്നു. ജോസഫ് വിഭാഗം വൈസ് ചെയർമാൻ മാത്യു സ്റ്റീഫൻ പാർട്ടിയിൽനിന്നു രാജിവച്ചു. മുൻ ഉടുമ്പൻചോല എം.എൽ.എയാണ്. കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് വിട്ട ഡെപ്യൂട്ടി ചെയർമാൻ ജോണി നെല്ലൂരിനു പിറകെയാണ് സ്റ്റീഫന്റെ രാജി.
വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് മാത്യു സ്റ്റീഫൻ അറിയിച്ചത്. രാജി പാർട്ടി ചെയർമാൻ പി.ജെ ജോസഫിനു കൈമാറിയിട്ടുണ്ട്. ജോണി നെല്ലൂർ രൂപീകരിക്കുന്ന പുതിയ പാർട്ടിയായ നാഷനൽ പ്രോഗ്രസീവ് പാർട്ടി(എൻ.പി.പി)യുടെ ഭാഗമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്നലെയാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഡെപ്യൂട്ടി ചെയർമാൻ, യു.ഡി.എഫ് സെക്രട്ടറി സ്ഥാനങ്ങൾ ജോണി നെല്ലൂർ രാജിവച്ചത്. ബി.ജെ.പി പിന്തുണയോടെ സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ ക്രൈസ്തവ പാർട്ടിക്ക് നേതൃത്വം നൽകുക ജോണി നെല്ലൂരായിരിക്കും. 22ന് കൊച്ചിയിൽ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.
Summary: Resignation continues in Kerala Congress as Joseph faction Vice Chairman Mathew Stephen has resigned from the party today