സീറ്റിനെ ചൊല്ലി കേരളാ കോൺഗ്രസ് (ജോസഫ് )ഗ്രൂപ്പിൽ പോർവിളി; ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പേ ചുവരെഴുത്ത്

സീറ്റിനായി അവകാശവാദം ഉന്നയിച്ച സജി മഞ്ഞക്കടമ്പിലിനെതിരെ യൂത്ത് ഫ്രണ്ട് രംഗത്തെത്തി

Update: 2024-01-29 00:56 GMT
Editor : Lissy P | By : Web Desk
Advertising

കോട്ടയം: സീറ്റിനെ ചൊല്ലി കേരളാ കോൺഗ്രസ് (ജോസഫ്) ഗ്രൂപ്പിൽ പോർവിളി തുടരുന്നു. സീറ്റിനായി അവകാശവാദം ഉന്നയിച്ച സജി മഞ്ഞക്കടമ്പിലിനെതിരെ യൂത്ത് ഫ്രണ്ട് രംഗത്തെത്തി. ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന്റെ വക്താവായ സജിക്ക് പാർലമെന്റിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് യൂത്ത് ഫ്രണ്ട് നേതൃത്വം പ്രതികരിച്ചു. ഇതിനിടെ യു.ഡി.എഫിന്‍റെ  ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പേ കേരളാ കോൺഗ്രസ് കോട്ടയത്ത് ചുവരെഴുത്ത് തുടങ്ങി.

യു.ഡി.എഫുമായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നടത്തിയ ഉഭയകക്ഷി ചർച്ചയിൽ കോട്ടയം സീറ്റിൽ പാർട്ടിയ്ക്ക് ഉറപ്പ് ലഭിച്ചു. ഫ്രാൻസിസ് ജോർജ് മത്സരിക്കുമെന്ന അഭ്യൂഹം പ്രചരിച്ചതിനു പിന്നാലെ മറ്റ് പല നേതാക്കളും അവകാശവാദം ഉന്നയിച്ച് രംഗത്തെത്തി. ജോസഫ് ഗ്രൂപ്പ് കോട്ടയം പ്രസിഡൻ്റും യു.ഡി.എഫ് ജില്ലാ ചെയർമാൻ കൂടിയായ സജി മഞ്ഞക്കടമ്പിൽ തനിക്ക് മത്സരിക്കാൻ യോഗ്യതയുണ്ടെന്ന് മാധ്യമങ്ങളിലൂടെ പ്രതികരിച്ചതോടെ പാർട്ടി നേതൃത്വം വെട്ടിലായി. ഇതേ തുടർന്നാണ് സജിക്കെതിരെ യൂത്ത് ഫ്രണ്ട് നേതൃത്വത്തിൻ്റെ വിമർശനം.

കോട്ടയത്ത് വിജയസാധ്യത ഫ്രാൻസിസ് ജോർജിനാണെന്നും യൂത്ത്ഫ്രണ്ട് അഭിപ്രായപ്പെടുന്നു.അതിനിടെ സീറ്റ് വിഭജന ചർച്ച പൂർത്തിയാവും മുമ്പേ കേരള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ തെള്ളകത്ത് ചുവരെഴുത്ത് തുടങ്ങി. സ്ഥാനാർഥിയുടെ പേര് വെയ്ക്കാതെയാണ് ചുവരെഴുത്ത്. എന്നാൽ കേരളാ കോൺഗ്രസ് ചുവരെഴുത്തിലും പരസ്യ പ്രതികരണങ്ങളിലും കടുത്ത അതൃപ്തിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News