ജോർജ് കുര്യൻ്റെ മന്ത്രിസ്ഥാനം അനുഗ്രഹമായത് ജോസ് കെ. മാണിക്ക്; ക്രൈസ്തവ വിഭാഗങ്ങളെ തണുപ്പിക്കാന്‍ രാജ്യസഭയില്‍ വഴങ്ങി സി.പി.എം

ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈവിട്ട ക്രൈസ്തവ വിഭാഗങ്ങളെ പിടിച്ചുനിര്‍ത്താന്‍ തീരുമാനം സഹായകരമാകുമെന്ന് സി.പി.എമ്മും ഇടതു മുന്നണിയും കരുതുന്നു

Update: 2024-06-11 01:26 GMT
Editor : Shaheer | By : Web Desk
Advertising

കോട്ടയം: ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ രാജ്യസഭാ സീറ്റിൽ സി.പി.എം കേരള കോൺഗ്രസിനു വഴങ്ങിയതിനു പിന്നിൽ കോട്ടയത്തെ പുതിയ രാഷ്ട്രീയ നീക്കങ്ങളും. കേന്ദ്രത്തിൽ ജോർജ് കുര്യൻ്റെ മന്ത്രിസ്ഥാനം ലഭിച്ചതടക്കമുള്ള കാര്യങ്ങൾ സീറ്റ് വിട്ടുനൽകാൻ സി.പി.എമ്മിനെ നിർബന്ധിതമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈവിട്ട ക്രൈസ്തവ വിഭാഗങ്ങളെ തണുപ്പിക്കാൻ തീരുമാനം സഹായകരമാകുമെന്ന് സി.പി.എമ്മും ഇടതു മുന്നണിയും കരുതുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടിയും വിമർശനങ്ങളും രാജ്യസഭാ സീറ്റ് ചൂണ്ടിക്കാട്ടി പ്രതിരോധിക്കുകയാണ് കേരളാ കോൺഗ്രസ്.

അവസാന മണിക്കൂർ വരെ നീണ്ട ഉഭയകക്ഷി ചർച്ചകൾക്കും രാഷ്ട്രീയ ഉദ്വേഗങ്ങൾക്കും ഒടുവിലാണ് രാജ്യസഭാ സീറ്റ് പ്രഖ്യാപനം നടന്നത്. കേരള കോൺഗ്രസ് എമ്മിന് ഇത് രാഷ്ട്രീയ ഉയിർത്തെഴുന്നേൽപ്പാണ്. സീറ്റ് ലഭിക്കുമെന്ന് നേതാക്കൾ പുറത്ത് പ്രതീക്ഷ പങ്കുവച്ചിരുന്നെങ്കിലും സി.പി.എം സീറ്റ് വിട്ടുനൽകുമെന്ന് കരുതിയിരുന്നില്ല.

കോട്ടയത്തുനിന്നുള്ള ബി.ജെ.പി നേതാവ് ജോർജ് കുര്യനെ മൂന്നാം മോദി മന്ത്രിസഭയിൽ സഹമന്ത്രിയായി ഉൾപ്പെടുത്തിയത് കേരള കോൺഗ്രസ് എമ്മിന് കേരളത്തിൽ ഗുണമായി. ക്രൈസ്തവ വിഭാഗത്തിൻ്റെ പ്രാതിനിധ്യം കേരള കോൺഗ്രസിനു സീറ്റ് നൽകുന്നതിലൂടെ ലഭിക്കും. ബിഷപ്പ് കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ ക്രൈസ്തവ വിഭാഗത്തിൻ്റെ വികാരം തണുപ്പിക്കാനും മതമേലധ്യക്ഷന്മാരുടെ എതിർപ്പ് ഒഴിവാക്കാനും സഹായിക്കുമെന്നും എല്‍.ഡി.എഫ് വിലയിരുത്തുന്നു. എം.പി ഇല്ലെങ്കിൽ പാർട്ടിയുടെ അംഗീകാരത്തിനു തിരിച്ചടിയാകുമെന്ന കേരള കോൺഗ്രസ് വാദവും പരിഗണിച്ചു.

കോട്ടയത്തെ തോൽവിയിൽ പ്രതിരോധത്തിലായ ജോസ് കെ. മാണിക്കും കൂട്ടർക്കും രാജ്യസഭാ സീറ്റ് വലിയ ആശ്വാസമായി. പാർട്ടി ചെയർമാന് പാർലമെൻ്ററി സ്ഥാനം കൂടി ലഭിക്കുന്നതോടെ മുന്നണിമാറ്റ ചർച്ചകൾ പ്രതിരോധിക്കാനും പാർട്ടി അണികൾക്കു കഴിയും.

Full View

Summary: George Kurian's ministry was a blessing to Jose K Mani; New political moves in Kottayam behind CPM's surrender of Rajya Sabha seat to Kerala Congress

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News