'കാഫിർ സ്‌ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണം'; മതസ്പര്‍ധാ വകുപ്പ് ചേർക്കാത്തതിന് സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
കേസിൽ ഒരാളെ ചോദ്യംചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നു സാക്ഷികളിൽ ഒരാൾ സൂചന നൽകിയിട്ടും അയാളെ ചോദ്യംചെയ്യാൻ പൊലീസ് തയാറായില്ലെന്ന് കോടതി
കൊച്ചി: കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിൽ സർക്കാരിനോട് വിശിദീകരണം തേടി ഹൈക്കോടതി. കേസിൽ 153 എ വകുപ്പ്(മതസ്പർധ) ചുമത്താത്തത് എന്തുകൊണ്ടാണെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. സ്‌ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പ്രതി നാടിന്റെയും സമൂഹത്തിന്റെയും സമാധാനത്തിന് വിഘ്‌നം വരുത്താൻ മനപ്പൂർവം വ്യാജ തെളിവുണ്ടാക്കിയെന്നാണ് കേസുള്ളത്. അപ്പോൾ എന്തുകൊണ്ട് 153 എ ചുമത്തുന്നില്ലെന്നു കോടതി ചോദിച്ചു. മറ്റു പല കേസുകളിലും മതസ്പർധാ വകുപ്പ് ചുമത്തുന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.
കേസിൽ ഒരാളെ ചോദ്യംചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നു സാക്ഷികളിൽ ഒരാൾ സൂചന നൽകിയിരുന്നു. എന്നിട്ടും അയാളെ ചോദ്യംചെയ്യാൻ പൊലീസ് തയാറായില്ല. ഇത് എന്തുകൊണ്ടാണെന്നു കോടതി ചോദിച്ചു. ഇയാളെ ചോദ്യംചെയ്യാത്ത കാലത്തോളം ഉത്തരം ലഭിക്കില്ലെന്നും കോടതി പറഞ്ഞു.
കോടതി നിർദേശപ്രകാരം ചോദ്യംചെയ്യാമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അന്വേഷണ ഘട്ടത്തിൽ പ്രത്യേകം നിർദേശങ്ങൾ ഒന്നും നൽകുന്നില്ലെന്നു കോടതി അറിയിച്ചു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ട്. രണ്ടുകാര്യങ്ങളിൽ മാത്രമാണ് വിയോജിപ്പുള്ളത്. സൂചന ലഭിച്ച ഒരാളിലേക്ക് അന്വേഷണം പോയില്ല. 153 എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുകയും ചെയ്തില്ല എന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിശോധിക്കാമെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ സെപ്റ്റംബർ ഒൻപതിന് അന്തിമവാദം നടക്കും.
Summary: Kerala High Court orders Kerala Police to find the source of Kafir screenshot