പോപുലർ ഫ്രണ്ട് ഹർത്താൽ: കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും
പി.എഫ്.ഐ ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൽ സത്താർ ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ പ്രാഥമിക നടപടി സ്വീകരിച്ചുവെന്ന് സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്
കൊച്ചി: പോപുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർത്താലിനിടെയുണ്ടായ ആക്രമണത്തിൽ നഷ്ടപരിഹാരം ഈടാക്കുന്നതിന്റെ ഭാഗമായി സംഘടനാ ഭാരവാഹികളുടെ സ്വത്തുവകകൾ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.
പി.എഫ്.ഐ ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൽ സത്താർ ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ പ്രാഥമിക നടപടി സ്വീകരിച്ചുവെന്ന് സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്വത്തുക്കൾ കണ്ടുകെട്ടാനായി റവന്യൂ വകുപ്പിന് നിർദേശം നൽകിയെന്നാണ് കഴിഞ്ഞ ദിവസം സർക്കാർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുക.
അതിനിടെ, ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ ആക്രമിച്ച കേസിൽ ഇന്നലെ അബ്ദുൽ സത്താറിനെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഹർത്താലിൽ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപത്തും കരുതക്കാട്ടും മുള്ളൂർക്കരയിലും ബസുകൾക്കെതിരെയുണ്ടായ ആക്രമണത്തിലാണ് നടപടി. ഹർത്താലുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും അബ്ദുൽ സത്താറിനെ പ്രതിചേർക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Summary: The Kerala High Court will consider the suo moto case in connection with the Popular Front hartal today