നിർമല 'മമത' കാണിക്കുമോ? കേന്ദ്രബജറ്റിൽ പ്രതീക്ഷയോടെ കണ്ണുംനട്ട് കേരളം

എയിംസ് ഇത്തവണയെങ്കിലും അനുവദിക്കുമെന്നാണ് പ്രതീക്ഷ

Update: 2023-02-01 01:05 GMT
Editor : Lissy P | By : Web Desk

നിർമല സീതാരാമന്‍

Advertising

തിരുവനന്തപുരം: രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന് നിർമല സീതാരാമന്റെ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് കേരളവും കാത്തിരിക്കുന്നത്. എയിംസ് ഇത്തവണയെങ്കിലും അനുവദിക്കുമെന്നാണ് പ്രതീക്ഷ.

സിൽവർ ലൈൻ ഉൾപ്പെടെ റെയിൽവേയിൽ കേന്ദ്രാനുമതി കാത്ത് നിൽക്കുന്ന പദ്ധതികളും നിരവധിയാണ്. ഇത്തവണയെങ്കിലും കേരളത്തിന് എയിംസ് കാണുമോ,കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. എല്ലാ കേന്ദ്രബജറ്റിലും കണ്ണുംനട്ട് കാത്തിരുന്ന കേരളം ഇക്കുറിയെങ്കിലും നിർമല 'മമത' കാണിക്കുമെന്ന പ്രതീക്ഷയിലാണ്.

റെയിൽവേ വികസനത്തിലുമുണ്ട് കേരളത്തിന് പ്രതീക്ഷ വാനോളം. സിൽവർ ലൈൻ പദ്ധതിയുടെ ഭാവി നിർമലാ സീതാരാമന്റെ പെട്ടിയിലാണ്. കേന്ദ്രാനുമതിയില്ലെങ്കിൽ മംഗളുരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കണം. വന്ദേഭാരത് ഇല്ലാത്ത ഏക ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് കേരളം. 160 കിലോമീറ്റർ വരെ വേഗത്തിൽ പായുന്ന വന്ദേഭാരത് ഓടിക്കാൻ റെയിൽ ബൈപ്പാസ് പദ്ധതിയും ബജറ്റിലുണ്ടാകുമെന്ന് കേരളം മനക്കോട്ട കെട്ടുന്നു.കേന്ദ്രം മരവിപ്പിച്ച അങ്കമാലി-എരുമേലി ശബരി പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിനുള്ള അനുമതിയും കേന്ദ്രത്തിന്റെ പരിഗണനയിൽ.

നേമം ടെർമിനൽ പദ്ധതി,ഗുരുവായൂർ-തിരുന്നാവായ പദ്ധതി ഉൾപ്പടെ കേരളത്തിന്റെ റെയിൽവേ പ്രതീക്ഷകളിൽ ചിലതെങ്കിലും ഇത്തവണ അനുവദിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്രനയങ്ങളിലെ മാറ്റത്തിനാണ് കേരളം കാത്തിരിക്കുന്നത്. കടമെടുപ്പ് പരിധി 2017-ന് മുമ്പുള്ളത് പോലെ പുനസ്ഥാപിക്കൽ,ജിഎസ്ടി നഷ്ടപരിഹാരം നീട്ടൽ, വെട്ടിക്കുറച്ച കേന്ദ്രവിഹിതം പുനസ്ഥാപിക്കലെന്നിവ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മുന്നിലുള്ള ഏക പരിഹാര മാർഗങ്ങളാണ്. കിഫ്ബിയും പെൻഷൻ കമ്പനിയും വായ്പയെടുക്കുന്നത് സർക്കാരിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്തരുതെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News