പി.എസ്.സിയുടെ വാദം പൊളിയുന്നു; വിവരച്ചോർച്ച ഉണ്ടായതായി ഡി.ജി.പിയുടെ റിപ്പോർട്ട്
ഡാർക്ക് വെബിൽ കണ്ടെത്തിയത് ഉദ്യോഗാർഥികളുടെ യൂസർനെയിമും പാസ് വേർഡും
തിരുവനന്തപുരം: വിവരചോർച്ചയിൽ പി.എസ്.സിയുടെ വാദം പൊളിയുന്നു.വെബ് സൈറ്റിൽ നിന്ന് വിവരങ്ങൾ ചോർന്നിട്ടുണ്ടെന്ന് ഡിജിപിയുടെ റിപ്പോർട്ട്. പി.എസ്.സി വെബ്സൈറ്റിൽ നിന്ന് വിവരങ്ങൾ ചോർന്നെന്ന് സ്ഥിരീകരിക്കുന്ന പി.എസ്.സിയുടെ രേഖകളും പുറത്ത് വന്നു. ഉദ്യോഗാർഥികളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ഉണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചതിന് പിന്നാലെ ചേർന്ന പിഎസ് സി യോഗത്തിന്റെ രേഖകള്‍ മീഡിയവണിന് ലഭിച്ചു.
ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ഉണ്ടെന്നും ഡി.ജി.പിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഉദ്യോഗാര്‍ഥികളുടെ യൂസർ നെയിമും പാസ്‌വേഡുമാണ് ഡാർക്ക് വെബ്ബിൽ കണ്ടെത്തിയത്. വിവരച്ചോർച്ച ഉണ്ടായിട്ടില്ലെന്നായിരുന്നു പി.എസ്.സിയുടെ ഔദ്യോഗിക വിശദീകരണം.
കേരള പൊലീസിന്റെ സൈബർ സുരക്ഷ പരിശോധന വിഭാഗമായ ‘കേരള പൊലീസ് ഡാർക്ക് വെബ് ഇൻവെസ്റ്റിഗേഷൻ ടീം’ പി.എസ്.സിയിലെ നിരവധി അപേക്ഷകരുടെ വിവരങ്ങൾ ഡാർക്ക് വെബിൽ കണ്ടെത്തിയെന്ന് ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.