മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും ആശങ്കകൾ പരിഹരിക്കും- മേൽനോട്ട സമിതി ചെയർമാൻ
മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുപ്രിംകോടതി നിശ്ചയിച്ച മേൽനോട്ട സമിതി ചെയർമാൻ വിജയ് ശരണ്‍
ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും ആശങ്കകൾ പരിഹരിക്കുമെന്ന് സുപ്രിംകോടതി നിശ്ചയിച്ച മേൽനോട്ട സമിതിയുടെ ചെയർമാൻ വിജയ് ശരൺ. അണക്കെട്ടിൻ്റെ സുരക്ഷക്ക് പ്രാധാന്യം നൽകുമെന്നും അദ്ദേഹം അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയ് ശരണ്‍.
മേൽനോട്ട സമിതിയുടെ പ്രത്യേക യോഗം കുമളിയിൽ ചേർന്നു. വള്ളക്കടവിൽനിന്ന് റോഡ് മാർഗം അണക്കെട്ടിൽ എത്തിയ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തി. കഴിഞ്ഞ വർഷം അണക്കെട്ടിൽ 127 അടി വെള്ളമുള്ളപ്പോഴായിരുന്നു മേൽനോട്ട സമിതിയുടെ സന്ദർശനം. 116.75 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ബോട്ട് മാർഗം തിരികെ തേക്കടിയിൽ എത്തിയ സംഘം കുമളിയിൽ പ്രത്യേക യോഗവും ചേർന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ മേൽനോട്ട സമിതി യോഗത്തിൽ ചർച്ചയായി.
മേൽനോട്ട സമിതിയിലെ കേരള പ്രതിനിധികളായ ഡോ. വി. വേണു, അലക്സ് വർഗ്ഗീസ്, തമിഴ്നാട് പ്രതിനിധികളായ സന്ദീപ് സക്സേന, ആർ. സുബ്രഹ്മണ്യം എന്നിവരും ഉപസമിതി അംഗങ്ങളും, മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ തൃപ്തികരമാണെന്ന് കേന്ദ്ര ജല കമ്മിഷനും സുപ്രിംകോടതി രൂപീകരിച്ച മേല്‍നോട്ട സമിതിയും സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ മേൽനോട്ട സമിതിയുടെ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്.
Summary: ''Will address the concerns of Kerala and Tamil Nadu states on the Mullaperiyar issue'', Says Vijay Saran, chairman of the Supreme Court-appointed monitoring committee