'എം.ബി.രാജേഷ് എം.വി.ഗോവിന്ദനെ കണ്ട് പഠിക്കണം'; തദ്ദേശ മന്ത്രി ഉദ്യോഗസ്ഥരുടെ അടിമയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി
എം.വി.ഗോവിന്ദൻ നടപ്പാക്കാതിരുന്ന വ്യാപാരി വിരുദ്ധ നയങ്ങൾ എം.ബി.രാജേഷ് നടപ്പാക്കുകയാണെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര പറഞ്ഞു
തിരുവനന്തപുരം: തദ്ദേശ മന്ത്രി എം.ബി.രാജേഷ് ഉദ്യോഗസ്ഥരുടെ അടിമയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി. കോർപ്പറേറ്റുകളുടെ ഏജൻ്റുമാരായ ഉദ്യോഗസ്ഥരുടെ അടിമയായി മന്ത്രി മാറിയെന്നും പ്ലാസ്റ്റിക് കവറുകളുടെ നിരോധനവുമായി ബന്ധപ്പെട്ടുകൊണ്ട് നടത്തിയ ചർച്ചയിൽ തങ്ങൾ ഉന്നയിച്ച നിർദേശങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ലെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ആരോപിച്ചു.
കടകൾക്കു മുന്നിൽ മൂന്ന് പ്ലാസ്റ്റിക് ബിന്നുകൾ സ്ഥാപിക്കണമെന്നത് കച്ചവടക്കാരെ ദുരിതത്തിൽ ആക്കുന്ന നടപടിയാണ്. എം.ബി. രാജേഷ് എം.വി.ഗോവിന്ദനെ കണ്ട് വ്യാപാര നയങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് പഠിക്കണമെന്നും എം.വി.ഗോവിന്ദൻ നടപ്പാക്കാതിരുന്ന വ്യാപാരി വിരുദ്ധ നയങ്ങൾ എം.ബി.രാജേഷ് നടപ്പാക്കുകയാണെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര പറഞ്ഞു.