ട്രെയിനിലെ തീവെപ്പ്: അക്രമി ഇതരസംസ്ഥാന തൊഴിലാളിയെന്ന് സൂചന; ദൃക്‌സാക്ഷിയുടെ സഹായത്തോടെ രേഖാചിത്രം തയ്യാറാക്കും
സംഭവത്തില്‍ റെയിൽവെ മന്ത്രാലയവും കേന്ദ്രഅന്വേഷണ ഏജൻസികളും വിശദീകരണം തേടിയിട്ടുണ്ട്
കോഴിക്കോട്: എലത്തൂരില്‍ ട്രെയിനിൽ തീവെച്ച പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന് സൂചന. പ്രതിയുടെ രേഖാ ചിത്രം പൊലീസ് തയ്യാറാക്കും. സംഭവത്തിന്റെ ദൃക്‌സാക്ഷിയായ റാസിഖിന്റെ സഹായത്തോടെയാണ് രേഖാ ചിത്രം തയ്യാറാക്കുന്നത്. പ്രതിയെ അടുത്ത് നിന്ന് കണ്ടതും ഇയാളെക്കുറിച്ച് നിർണായകമായ വിവരങ്ങൾ കൈമാറിയതും റാസിഖായിരുന്നു.
തീപിടിത്തത്തിൽ ഇയാളുടെ കാലിന് പരിക്കേറ്റിരുന്നു. ഇതിന് ചികിത്സ തേടിയ ശേഷം റാസിഖ് എലത്തൂർ പൊലീസ് സ്‌റ്റേഷനിൽ തുടരുകയാണ്. അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാൻ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്. പ്രതിയുടെതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധന നടത്തും.
അതേസമയം, എലത്തൂരിലെ ട്രെയിൻ ആക്രമണത്തിൽ കേന്ദ്ര റെയിൽവെ മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്. റെയിൽവെ പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. കേന്ദ്രഅന്വേഷണ ഏജൻസികളും സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കുന്നുണ്ട്.
ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാർട്ടുമെന്റിലാണ് അക്രമണം നടന്നത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്ന് കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകൾ രണ്ടരവയസുകാരി സഹ്‌റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്. തീവെച്ച ശേഷം അക്രമി ബൈക്കിൽ കയറി രക്ഷപ്പെട്ടെന്നാണ് സൂചന.ഇയാളുടേതെന്ന് കരുതന്ന ബാഗും ട്രാക്കിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ പരിശോധനയും നടന്നുവരികയാണ്.