ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വിധി സ്വാഗതം ചെയ്യുന്നുവെന്ന് വനിതാ കമ്മീഷന്‍

‘റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അറിയാന്‍ സമൂഹത്തിന് അവകാശമുണ്ട്’

Update: 2024-08-13 12:06 GMT

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തടയണമെന്ന നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹരജി തള്ളിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. ഈ വിഷയത്തില്‍ തുടക്കം മുതലേ വനിതാ കമ്മീഷന്‍ സ്ത്രീകള്‍ക്കൊപ്പമായിരുന്നു. സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി) ഫയല്‍ ചെയ്ത രണ്ട് റിട്ട് ഹരജികളിലും വനിതാ കമ്മീഷന്‍ സ്വമേധയാ കക്ഷി ചേര്‍ന്നിരുന്നു.

പോഷ് നിയമം അനുസരിച്ച് തൊഴില്‍മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) മലയാള സിനിമാരംഗത്ത് നിലവിലില്ലെന്ന കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വനിതാ കമ്മീഷന് കഴിഞ്ഞിരുന്നു. വിവരാവകാശ കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് വ്യക്തികളുടെ സ്വകാര്യത ഹനിക്കപ്പെടാതെ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അറിയാന്‍ സമൂഹത്തിന് അവകാശമുണ്ട്.

Advertising
Advertising

എന്തെല്ലാം പ്രശ്‌നങ്ങളാണു കമ്മിറ്റി കണ്ടെത്തിയത്, എന്താണ് ആ റിപ്പോര്‍ട്ടിലുള്ളത് എന്ന് പറയാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. അതിന് തയാറാണെന്നു സാംസ്‌കാരിക മന്ത്രിയും പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിനിമാ മേഖലയിലെ പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍, സിനിമാ യൂനിറ്റുകളില്‍ ആഭ്യന്തര പ്രശ്‌ന പരിഹാര സമിതികള്‍ രൂപീകരിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് പറഞ്ഞിട്ടുള്ളവ മനസ്സിലാക്കാനും റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സഹായകമാവും. സിനിമാ മേഖലയില്‍ ആത്മാഭിമാനത്തോടെ ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം സ്ത്രീകള്‍ക്ക് ലഭിക്കാന്‍ ഈ വിധി സഹായമാകുമെന്ന് കരുതുന്നുവെന്നും കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News