സംഘ്പരിവാറിന്റെ കൊലവിളി മുദ്രാവാക്യം; പൊലീസ് കേസെടുത്തു
ഹിന്ദുത്വത്തെ അപമാനിച്ചാൽ പച്ചയ്ക്കിട്ട് കത്തിക്കും, പള്ളിപ്പറമ്പിൽ കുഴിച്ചുമൂടും എന്നതടക്കമാണ് മുദ്രാവാക്യങ്ങൾ
തിരുവനന്തപുരം: കൊലവിളി മുദ്രാവാക്യത്തിൽ കേസെടുത്ത് പോലീസ്. യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ് പട്ടാമ്പി പോലീസ് കേസെടുത്തത്. സംഘ്പരിവാർ സംഘടനകൾ പാലക്കാട് കൊപ്പത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ആണ് കൊലവിളി മുദ്രാവാക്യം ഉയർത്തിയത്. യൂത്ത് ലീഗിനും സ്പീക്കർ എ എൻ ഷംസീറിനും എതിരെയായിരുന്നു പ്രതിഷേധം.
ഹിന്ദുത്വത്തെ അപമാനിച്ചാൽ പച്ചയ്ക്കിട്ട് കത്തിക്കും, പള്ളിപ്പറമ്പിൽ കുഴിച്ചുമൂടും എന്നതടക്കമാണ് മുദ്രാവാക്യങ്ങൾ. ഇന്നലെ വൈകിട്ടാണ് കൊപ്പത്ത് പ്രതിഷേധ ജാഥ അരങ്ങേറിയത്. വി.എച്ച്.പി, ബിജെപി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ജാഥ. ഷംസീറിനെയും യൂത്ത് ലീഗിനെയും കൂടാതെ പാണക്കാട് കുടുംബത്തിനെതിരെയും ജാഥയിൽ അപകീർത്തികരമായ മുദ്രാവാക്യങ്ങളുയർന്നു. സ്പീക്കർ എന്ന നിലയിൽ ഷംസീറിന്റെ ഭാഗത്ത് നിന്ന് ഉപയോഗിക്കാൻ പാടില്ലാത്ത പരാമർശങ്ങളുണ്ടായി എന്നാണ് ആരോപണം.
ഗണപതി മിത്ത് ആണെന്ന ഷംസീറിന്റെ പരാമർശമാണ് വിവാദങ്ങൾക്കിടയാക്കിയത്. എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു വിവാദ പ്രസ്താവന.