'ഭരണപക്ഷത്തുള്ളവർക്ക് മാത്രമാണ് നീതി'; തനിക്കെതിരെ ആസൂത്രിത ആക്രമണമെന്ന് കെകെ രമ
എംവി ഗോവിന്ദനും സച്ചിൻദേവ് എംഎൽഎയ്ക്കും ദേശാഭിമാനിക്കും വക്കീൽ നോട്ടീസ് അയച്ചിരുന്നു
തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ ആക്രമണമെന്ന് കെകെ രമ എംഎൽഎ. പൊതുസമൂഹത്തിന് മുന്നിൽ മോശക്കാരിയായി ചിത്രീകരിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ മറ്റൊരു എംഎൽഎ നടത്തിയത്. ഇതിനെതിരെ സ്പീക്കർക്കും ഡിജിപിക്കും പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ദേശാഭിമാനി പത്രം തുടർച്ചയായി കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്. ഇത്തരമൊരു അനുഭവം ആർക്കും ഉണ്ടാകരുത്. ഇതിനെതിരെ നിയമനടപടികളുമായി ഏതറ്റം വരെയും പോകുമെന്നും കെകെ രമ പറഞ്ഞു.
എംവി ഗോവിന്ദനും സച്ചിൻദേവ് എംഎൽഎയ്ക്കും ദേശാഭിമാനിക്കും വക്കീൽ നോട്ടീസ് അയച്ചിരുന്നു. രണ്ടുദിവസത്തിനകം കൈ പൊട്ടിയില്ലെന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. നിയമസഭാ മന്ദിരത്തിലാണ് ആക്രമണം ഉണ്ടാകുന്നത്. എന്ത് സ്ത്രീ സുരക്ഷയാണുള്ളത്. ഭരണപക്ഷത്തുള്ളവർക്ക് മാത്രമാണ് നീതിയെന്നും കെകെ രമ കൂട്ടിച്ചേർത്തു.
സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷത്തിൽ കെകെ രമയുടെ കൈയ്ക്ക് പരിക്കേറ്റതിനെതിരെ വ്യാപക സൈബർ അക്രമമാണ് നടന്നുവരുന്നത്. പരിക്ക് വ്യാജമാണെന്ന് ആരോപിച്ച് സി.പി.എം അനുകൂല സൈബർ പേജുകൾ രമക്കെതിരെ പ്രചാരണം നടത്തിയിരുന്നു. സച്ചിൻ ദേവ് എം.എൽ.എക്കെതിരെ രമ പരാതി നൽകിയിട്ടും സൈബർ പൊലീസ് കേസ് എടുക്കാൻ തയ്യാറായിട്ടില്ല. ഇതിനിടെ നിരന്തരമായി ഭീഷണിക്കത്തുകളും കെകെ രമയെ തേടിയെത്തിയിരുന്നു. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നത്. നിനക്കുള്ള അവസാനത്തെ താക്കീതാണിത്. കേസ് പിൻവലിച്ച് മാപ്പ് പറയണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
കൈയിലെ പരിക്കിനെ തുടർന്ന് കെ.കെ.രമ എംഎൽഎയ്ക്ക് ഡോക്ടർമാർ എട്ടാഴ്ചത്തെ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്. വലതു കൈയ്യിന്റെ ലിഗമെന്റിന് രണ്ടിടത്ത് ക്ഷതമുണ്ട്.എം.ആർ.ഐ സ്‌കാനിങ് നടത്തിയപ്പോഴാണ് പരിക്ക് വ്യക്തമായത്. നിയമസഭയിൽ സ്പീക്കറുടെ ഓഫീസ് ഉപരോധത്തിനിടെയാണ് രമയ്ക്ക് പരിക്കേറ്റത്.